Picture
തേഞ്ഞിപ്പലം: യുജി.സി ജൂണില്‍ നടത്തുന്ന നെറ്റ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷാ തീയതി ജൂണ്‍ 24. കാലിക്കറ്റ് സര്‍വകലാശാല ഒരു പരീക്ഷാകേന്ദ്രമാണ് (കോഡ് നമ്പര്‍ 13). പരീക്ഷക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഏപ്രില്‍ 30. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് കോപ്പികളും അനുബന്ധ രേഖകളും കാലിക്കറ്റ് സര്‍വകലാശാല ടാഗോര്‍ നികേതനിലെ നെറ്റ് ഓഫിസില്‍ ലഭിക്കേണ്ട അവസാന തീയതി മേയ് ഏഴ്.
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് 55 ശതമാനം മാര്‍ക്കോടെ (റൗണ്ട് ഓഫ് ചെയ്യാതെ) ലഭിച്ച മാസ്റ്റര്‍ ഡിഗ്രി അഥവാ തത്തുല്യ യോഗ്യത.
എസ്.സി/എസ്.ടി വികലാംഗര്‍/വിഷ്വലി ഹാന്‍ഡികാപ്ഡ് (വി.എച്ച്) എന്നീ വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് (റൗണ്ട് ഓഫ് ചെയ്യാതെ) മതി. ഇപ്പോള്‍ അവസാനവര്‍ഷ പി.ജി പരീക്ഷയെഴുതുന്നവര്‍ക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അവര്‍ നെറ്റ് റിസല്‍ട്ട് വന്ന് രണ്ടു വര്‍ഷത്തിനകം നിശ്ചിത യോഗ്യത നേടിയിരിക്കണം. പ്രായപരിധി: ജെ.ആര്‍.എഫിന് അപേക്ഷിക്കുന്നവര്‍ക്ക് 2012 ജൂണ്‍ ഒന്നിന് 28 വയസ്സ് കവിയാന്‍ പാടില്ല. എസ്.സി/എസ്.ടി/ഒ.ബി.സി/വികലാംഗര്‍/വിഷ്വലി ഹാന്‍ഡികാപ്ഡ് (വി.എച്ച്) സ്ത്രീകള്‍ എന്നീ വിഭാഗക്കാര്‍ക്ക് പ്രായ പരിധിയില്‍ അഞ്ചുവര്‍ഷംവരെ ഇളവുണ്ട്. ഗവേഷണപരിചയമുള്ളവര്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഗവേഷണം നടത്തിയ കാലയളവിനനുസൃതമായി പരമാവധി അഞ്ചുവര്‍ഷം വരെയും (സ്ഥാപനത്തില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം) എല്‍.എല്‍.എം ബിരുദമുള്ളവര്‍ക്ക് മൂന്നു വര്‍ഷത്തെയും ഇളവിന് അര്‍ഹതയുണ്ട്. ലെക്ചര്‍ഷിപ്പിന് ഉയര്‍ന്ന പ്രായപരിധിയില്ല.
പരീക്ഷാഫീസ്: ജനറല്‍ കാറ്റഗറിയില്‍പെട്ടവര്‍ക്ക് 450 രൂപ. ഒ.ബി.സി വിഭാഗക്കാര്‍ക്ക് (നോണ്‍ ക്രീമിലെയര്‍) 225 രൂപ, എസ്.സി എസ്.ടി/വികലാംഗര്‍/വിഷ്വലി ഹാന്‍ഡികാപ്ഡ് (വി.എച്ച്) തുടങ്ങിയ വിഭാഗക്കാര്‍ക്ക് 110 രൂപയുമാണ് പരീക്ഷാ ഫീസ്. ഫീസിളവിന് അര്‍ഹതയുള്ളവര്‍ കാറ്റഗറി/നോണ്‍ ക്രീമിലെയര്‍ (ഒ.ബി.സി വിഭാഗക്കാര്‍ക്ക്) തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിന്‍െറ അറ്റസ്റ്റഡ് കോപ്പി സമര്‍പ്പിക്കണം.
അപേക്ഷിക്കേണ്ട വിധം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ബ്രാഞ്ചില്‍ പരീക്ഷാഫീസ് ചലാന്‍ മുഖേന അടച്ചതിനു ശേഷമാണ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. സീഡിയിലാക്കിയ ഫോട്ടോ (സ്കാന്‍ഡ് പാസ്പോര്‍ട്ട് ജെ.പി.ജി ഫോര്‍മാറ്റില്‍ 300 കെ.ബിയില്‍ കുറവ്) അപ്ലോഡ് ചെയ്യുകയും, സെന്‍റര്‍ കോഡ്. സബ്ജക്ട് കോഡ്, കാറ്റഗറി, പേര് (എസ്.എസ്.എല്‍.സി ബുക്കിലേതുപോലെ) എന്നിവ കൃത്യമായി രേഖപ്പെടുത്തുകയും വേണം.
ബാങ്ക് ചലാനിലെ ജേണല്‍ നമ്പര്‍ പ്രകാരമാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തേണ്ടത് (www.ugcnetonline.in). ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍ സ്വീകാര്യമല്ല.
ബാങ്കില്‍നിന്ന് ലഭിക്കുന്ന ചലാന്‍ രസീതിയുടെ യു.ജി.സിക്കുള്ള കോപ്പി, ഫോട്ടോ പതിച്ച് ഗെസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് (രണ്ടു കോപ്പികള്‍) അറ്റന്‍റന്‍സ് സ്ളിപ്, അഡ്മിഷന്‍ കാര്‍ഡ്, സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍, ആവശ്യമായ മറ്റു രേഖകളുടെ അറ്റസ്റ്റഡ് കോപ്പികള്‍, സ്ക്രൈബിന്‍െറ സേവനം ആവശ്യമെങ്കില്‍ അതിനുള്ള അപേക്ഷ എന്നിവ സഹിതം കോഓഡിനേറ്റര്‍, യു.ജി.സി നെറ്റ്, ടാഗോര്‍ നികേതന്‍, കാലിക്കറ്റ്സര്‍വകലാശാല, പി.ഒ 673 635 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗമോ നേരിട്ടോ സമര്‍പ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ www.ugc.ac.in എന്ന വെബ്സൈറ്റിലും കാലിക്കറ്റ് സര്‍വകലാശാലയിലെ ടാഗോര്‍ നികേതന്‍ നെറ്റ് ഓഫിസിലും ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് യു.ജി.സി നെറ്റ് കോഓഡിനേറ്റര്‍ ഡോ. കെ. ശിവരാജനുമായി ബന്ധപ്പെടുക. ഫോണ്‍ 9847741786.


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)