പി.എം.കെ. ഫൈസി വാഹനാപകടത്തില്‍ മരണമടഞ്ഞു:
മലപ്പുറം: പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ പി. മുഹമ്മദ്കുട്ടി ഫൈസി എന്ന പി.എം.കെ. ഫൈസി മോങ്ങം (56) നിര്യാതനായി. ചൊവ്വാഴ്ച പുലര്‍ച്ചെ കൊടുങ്ങല്ലൂരിലെ വാഹനാപകടത്തെ തുടര്‍ന്നാണ് അന്ത്യം. കാര്‍ ഡ്രൈവര്‍ ചെറുവത്തൂര്‍ വീട്ടില്‍ അബ്ദുല്‍ റഷീദ് (38), മുഹമ്മദ് (52) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ടി.കെ.എസ് പുരം മെഡികെയര്‍ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ പതിനൊന്നോടെ ആശുപത്രിയിലായിരുന്നു പി.എം.കെ ഫൈസിയുടെ മരണം. ചൊവ്വാഴ്ച പുലര്‍ച്ചെ ആറരയോടെ ദേശീയ പാതയിലെ സആല കോതപറമ്പ് ഭാഗത്ത് ചാറ്റല്‍ മഴയില്‍ തെന്നിയ കാര്‍ റോഡരികിലെ മരത്തില്‍ ഇടിച്ചാണ് അപകടം. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് മോങ്ങം ഉമ്മുല്‍ഖുറാ കാമ്പസില്‍ നടക്കും. തുടര്‍ന്ന് മോങ്ങം വലിയ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
പരേതരായ പൂന്തല മുഹമ്മദ് ഷായുടെയും ചേനാട്ടുകുഴിയില്‍ ബിയ്യാത്തുവിന്റെയും മകനാണ് പി.എം.കെ ഫൈസി. ഭാര്യ: പൂക്കോട്ടൂര്‍ കറുത്തേടത്ത് നഫീസ. മക്കള്‍: മഅ്റൂഫ്, സുആദ, സുവൈബ്ധ്, സുഹൈല, ജസീല, ഹിശാം അഹ്മദ്, സഈദ്, മുബശ്ശിര്‍, മുഹമ്മദ് തമീം. മരുമക്കള്‍: സുഹൈല്‍ സഖാഫി (ചുങ്കത്തറ), ശറഫുദ്ദീന്‍ സഅദി (കാരകുന്ന്), സമീന (കോട്ടക്കല്‍).
പട്ടിക്കാട് ജാമിഅ നൂരിയയില്‍ നിന്ന് ഫൈസി ബിരുദവും ഈജിപ്ത്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് ഇസ്ലാമിക് ദഅ്വയില്‍ ബിരുദവും നേടി. അല്‍ ഇര്‍ഫാദ് മാസികക്ക് തുടക്കം കുറിച്ച അദ്ദേഹം ആരംഭകാലം മുതല്‍ മാസികയുടെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. സിറാജുല്‍ ഹുദ അറബിക് കോളജ് കൊടുവള്ളി, അന്‍വരിയ അറബിക് കോളജ് പൊട്ടിച്ചിറ എന്നിവിടങ്ങളിലായിരുന്നു പഠനം.
വില്യാപള്ളിയിലെ കൊളത്തൂര്‍, മാലാറക്കല്‍, പുല്ലാളൂര്‍ പരപ്പാറ, ഉമ്മത്തൂര്‍ സഖാഫത്തുല്‍ ഇസ്ലാം അറബിക് കോളജ്, വടക്കേക്കാട് ഐ.സി.എ ഇംഗ്ളീഷ് മീഡിയം സ്കൂള്‍, കൊണ്ടോട്ടി ബുഖാരി ദഅ്വ കോളജ്, മര്‍കസ് ആര്‍ട്സ് കോളജ് എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.
സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജോയിന്റ് സെക്രട്ടറി, സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി അംഗം, സുന്നി മാനേജ്മെന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, കേരള സ്റ്റേറ്റ് ഫൈസീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, മോങ്ങം ബിലാല്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി, കൊണ്ടോട്ടി ബുഖാരി കോളജ് ജോ. സെക്രട്ടറി, ചാവക്കാട് ഐ.ഡി.സി സ്ഥാപകന്‍, അല്‍ ഇര്‍ഷാദ് ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍, അല്‍ ഇര്‍ഷാദ് പബ്ലിഷിങ്് സെക്രട്ടറി, എസ്.എസ്. എഫ് ഏറനാട് താലൂക്ക് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.


Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު) Copyright © 2009 Island Express, Agatti Island, Lakshadweep