ഉമ്മുഹബീബയും പ്രവാചകരും തമ്മിലുള്ള നികാഹ് ലളിതമായിക്കഴിഞ്ഞു.   ജനങ്ങള്‍ ഓരോരുത്തരായി എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ രാജാവിന്റെ പ്രഖ്യാപനം. 'ഇരിക്കൂ. ആരും പോകരുത്. പ്രവാചകന്മാരുടെ ചര്യ നികാഹ് കഴിഞ്ഞാല്‍ ഭക്ഷണം വിളമ്പലാണ്. അതിനാല്‍ ഭക്ഷണം കഴിച്ചേ പോകാവൂ.' രാജകീയസദ്യ. ഭക്ഷണം കഴിഞ്ഞു ജനങ്ങള്‍ പിരിഞ്ഞുപോയിക്കൊണ്ടിരുന്നു.   രാജാവ് തന്റെ കൊട്ടാരത്തിലെ സ്ത്രീകളോട് കല്‍പ്പിച്ചു   'കിട്ടാവുന്നത്ര സുഗന്ധവ്യഞ്ജനങ്ങളും പുതുവസ്ത്രങ്ങളും ശേഖരിച്ചു നിങ്ങളെല്ലാവരും ഉടനെ ഉമ്മുഹബീബയുടെ വീട്ടിലേക്ക് പോകണം. അവരെ ആദരപൂര്‍വം മദീനയിലേക്ക് യാത്ര അയക്കണം. മണവാട്ടിയെ ചമയിപ്പിക്കാനാവശ്യമായതൊക്കെ എടുത്തുകൊള്ളുക.'   അപ്പോഴാണ് രാജാവിന്റെ ശ്രദ്ധ പരിചാരിക അബ്റഹത്തിലേക്ക് പതിഞ്ഞത്. അവളുടെ കൈകാലുകളില്‍ ചില വെള്ളിയാഭരണങ്ങള്‍   'ഇതെവിടുന്ന് കിട്ടി നിനക്ക്?'   ചോദ്യംകേട്ട് അബ്റഹത്ത് ഒന്ന് പരുങ്ങി. എന്തുപറയണമെന്ന ആശങ്കയിലായി. ഏതായാലും ധൈര്യം സംഭരിച്ച് അവള്‍ പറഞ്ഞത്. 'വിവാഹ വാര്‍ത്തയുമായി ചെന്നപ്പോള്‍ സന്തോഷത്താല്‍ ഉമ്മുഹബീബ തന്നതാണിത്.'   'ശരി. നല്ലതുതന്നെ. പക്ഷേ, അത് നീ വാങ്ങരുതായിരുന്നു. അവര്‍ വളരെ ദരിദ്രയല്ലേ! നിനക്കാവശ്യമുള്ളത് മുഴുവന്‍ ഞാന്‍ തരാം. സൌകര്യപ്പെട്ടാല്‍ നീ അത് തിരികെ നല്‍കിയേക്കണം.' അങ്ങനെ ചെയ്യാമെന്ന് അബ്റഹത്ത് സമ്മതിച്ചു. രാജാവ് പന്തലിലേക്ക് തിരിച്ചു നടന്നു. മ്ളാനതപൂണ്ട മുഖവുമായി അബ്റഹത്ത് ചുമരും ചാരിയിരുന്നു. അപരിചിതനായ ഒരാള്‍വന്നു അവളോട് പറഞ്ഞു: 'നിങ്ങളോട് ഉമ്മുഹബീബ ഒന്നവിടംവരെ ചെല്ലാന്‍ പറഞ്ഞു'   രാജകല്‍പന നടപ്പിലാക്കുന്നതിനു അവസരം കിട്ടിയ അബ്റഹത്ത് അത് പാഴാക്കിയില്ല.  അബ്റഹത്ത്  വരുന്നതുകണ്ടപ്പോള്‍ ഉമ്മുഹബീബയുടെ ആനന്ദം വര്‍ധിച്ചു. മഹ്റായി ലഭിച്ച നാനൂറ് പൊന്നുറുപ്പികയില്‍ നിന്ന് അമ്പത് രൂപയെടുത്ത് അബ്റഹത്തിന്റെ നേരെ വെച്ചുനീട്ടി.   'ഇതാ ഇതവിടെ വെച്ചോ'   അബ്റഹത്ത് അത് വാങ്ങാന്‍ കൂട്ടാക്കിയില്ല. ഒരു തുകല്‍സഞ്ചി ഉമ്മുഹബീബയുടെ നേരെ നീട്ടിയിട്ട് പറഞ്ഞു: 'ക്ഷമിക്കണം. നിങ്ങളോടുള്ള ആദരസൂചകമായി ഒരു സാധനവും സ്വീകരിക്കരുതെന്ന് രാജാവ് കല്‍പിച്ചിരിക്കുന്നു. നേരത്തെ തന്നതെല്ലാം ഇതിലുണ്ട്. എന്റെ എല്ലാ ആവശ്യങ്ങളും അദ്ദേഹം പൂര്‍ത്തിയാക്കിത്തരുന്നുണ്ട്.'   മനസ്സില്ലാമനസ്സോടെ ഉമ്മുഹബീബ അത് വാങ്ങി. സ്നേഹത്തോടെ അബ്റഹത്തിനെ ഒന്നുനോക്കി. അബ്റഹത്ത് ഉമ്മുഹബീബയുടെ അടുത്തേക്ക് നീങ്ങിനിന്ന് വിനയത്തോടെ വിളിച്ചു: 'ഉമ്മുഹബീബ എനിക്കൊരു ഉപകാരം ചെയ്യണം.'   'എന്താണത്?'   അബ്റഹത്തിന്റെ തൊണ്ട ഇടറി. കണ്ണ് നിറഞ്ഞു. ഒരുവിധത്തില്‍ അവര്‍ പറഞ്ഞൊപ്പിച്ചു. 'ഞാന്‍ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു. നിങ്ങളിന്ന് മണിയറയിലക്ക് ചെല്ലുമ്പോള്‍ ഈ സാധുവിന്റെ ഒരു സലാം റസൂലുല്ലാക്ക് പറയണം. മറക്കരുത് കെട്ടോ?'. ഉമ്മുഹബീബയുടെ ഓര്‍മച്ചെപ്പില്‍ കുറിച്ചിടാനെന്നോണം പലതവണ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അബ്റഹത്തിത് പറഞ്ഞുകൊണ്ടിരുന്നു.   'ഒരു സലാംപറയണേ...... ഒരു സലാം.'   ***   ***   ഉമ്മുഹബീബയെ മദീനയിലേക്ക് യാത്രയയക്കാന്‍ രാജാവ് ഏര്‍പ്പാട് ചെയ്തവരുടെ കൂട്ടത്തില്‍ അബ്റഹത്തുമുണ്ടായിരുന്നു. യാത്രയയപ്പുമായി ബന്ധപ്പെട്ട് അബ്റഹത്ത് പലതവണ ഉമ്മുഹബീബയെ സമീപിച്ചുകൊണ്ടിരുന്നു. മദീനയിലേക്ക് പോകുന്നതിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഉമ്മുഹബീബയുടെ മനം കുളിര്‍ത്തു. ആഇശ, ഹഫ്സ്വ,സൌദ തുടങ്ങി ഏഴ് ഭാര്യമാര്‍ നിലവിലുള്ളപ്പോഴാണ് നബി(സ്വ) തന്നെ വിവാഹം കഴിച്ചിരിക്കുന്നത്. അതുകൊണ്ടൊന്നും തനിക്കൊരു ബുദ്ധിമുട്ടുമില്ല. എന്നെ രക്ഷിക്കുന്നതിനുവേണ്ടിയാണ് നബി(സ്വ) എന്നെ വിവാഹം ചെയ്തിരിക്കുന്നത്. കേവലം പരസ്ത്രീസുഖത്തിനുവേണ്ടിയായിരുന്നെങ്കില്‍ കന്യകകളായ എത്രയോ തരുണികളെ ഖുറൈശീകുടുംബത്തില്‍ തന്നെ നബിക്ക് ലഭിക്കുമായിരുന്നു. അതിനാല്‍ ഇന്നുമുതല്‍ താന്‍ പ്രഥമവനിത തന്നെ. ഭയപ്പെടാനൊന്നുമില്ല. യാത്രയിലുടനീളം ഇത്തരം ചിന്തകളാണ് ഉമ്മുഹബീബയെ മഥി ച്ചിരുന്നത്. ഉമ്മുഹബീബയുടെ വിവാഹം ജനങ്ങളറിഞ്ഞു. മക്കയിലും ആ വാര്‍ത്ത പരന്നു. സ്വന്തം പിതാവ് അബൂസുഫ്യാന്റെ ചെവിയിലുമെത്തി. കടുത്ത ശത്രുതവച്ചുകൊണ്ടിരിക്കുന്ന അബൂസുഫ്യാന്‍ ഇതുകേട്ട മാത്രയില്‍ പ്രതികരിച്ചു   'മകള്‍ക്കുപറ്റിയ മാന്യനായ മണവാളനെ ലഭിച്ചു.'   മദീനാശരീഫിലെത്തിയ ഉമ്മുഹബീബ നാണംകുണുങ്ങി നബിയുടെ ചാരത്തെത്തി. മണിയറയിലെ സല്ലാപങ്ങള്‍ക്കിടയില്‍ വിവാഹലോചന വന്നരംഗവും മംഗല്യം നടന്ന സാഹചര്യവുമൊക്കെ വിവരിച്ചു. ചെറുപുഞ്ചിരിയോടെ നബി(സ്വ) അതൊക്കെ കേട്ടുകൊണ്ടിരുന്നു. ഒടുവില്‍ ഉമ്മുഹബീബ അബ്റഹത്തിനെ പരിചയപ്പെടുത്തി. ഏല്‍പിച്ച സലാം കൈമാറി.   'വഅലൈഹസ്സലാം വറഹ്മ...'

Your comment will be posted after it is approved.


Leave a Reply.


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު) Copyright © 2009 Island Express, Agatti Island, Lakshadweep