Picture
ചുമയും ജലദോഷവുമായി വല്ലാതെ കഷ്ടപ്പെടുമ്പോ മുത്തശ്ശിമാര്‍ക്കൊരു വരവുണ്ടായിരുന്നു . മുറ്റത്തെ തുളസിയില്‍ നിന്ന് നാല് ഇലപറിച്ച് വാട്ടി നീരെടുത്ത് ഇത്തിരി തേനില്‍ ചേര്‍ത്ത് തരും. അല്ലെങ്കില്‍ തുളസിയിലയും ചുക്കും ശര്‍ക്കരയും കുരുമുളകുമൊക്കെ ചേര്‍ത്ത് ഉഗ്രനൊരു കാപ്പി. അസുഖം പമ്പ കടക്കും. മുറ്റത്തൊരു തുളസിത്തറ വീടിന് ഐശ്വര്യമാണെന്നാണ് വിശ്വാസം. മുമ്പ്  തുളസി, പനിക്കൂര്‍ക്ക, ആടലോടകം , മുഞ്ഞ തുടങ്ങി  ഒരങ്കത്തിനുള്ള ചൊട്ടു വിദ്യകളൊക്കെ വീട്ടു മുറ്റത്ത് തന്നെ ഉണ്ടാകുമായിരുന്നു.  എന്നാല്‍ ഇന്ന് കാലം മാറി കഥ മാറി. മുറ്റമലങ്കരിക്കാന്‍ മുന്തിയ വിദേശികളൊക്കെ എത്തിയതോടെ  നാടന്‍മാരൊക്കെ പുറത്തായി. എന്നാല്‍ പുറത്താക്കിയ നാടന്‍മാരെ തിരിച്ച് വിളിക്കാനാണ് ഗവേഷകര്‍ പറയുന്നത്. ഇത്തരം ചെടികള്‍ ഒരുപാട് ഉപകാരപ്രദമാണ്. തുളസീടെ കാര്യം തന്നെയെടുക്കാം. ജലദോഷത്തിനും മറ്റും ഉപയോഗിച്ചിരുന്ന തുളസി റേഡിയേഷന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാന്‍ അസ്സലാണത്രെ. ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ ഗവേഷകരുടേതാണ് പുതിയ കണ്ടെത്തല്‍. തുളസിയുടെ ആന്റി ഓക്സിഡന്റ് സവിശേഷത റേഡിയേഷന്‍ മൂലം ക്ഷതം സംഭവിക്കുന്ന കോശങ്ങളെ പൂര്‍വ്വാവസ്ഥയിലെത്താന്‍ സഹായിക്കുന്നു. ഇതിനായി തുളസി മുഖ്യഘടകമായ മരുന്നും  ഇവര്‍ ഉണ്ടാക്കിയിട്ടുണ്ട്. രണ്ടാം ഘട്ട പരീക്ഷണത്തിലാണ് മരുന്നെന്നും ഒന്നാം ഘട്ട പരീക്ഷണം വിജയമായിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു.  ഏഴ് കോടിയോളം ചെലവ് വരുന്ന പ്രൊജക്ടാണിത്. പൂര്‍ണമായും വിജയിച്ചാല്‍ വൈദ്യ ശാസ്ത്രത്തിന് വമ്പന്‍ നേട്ടമായിരിക്കുമിത്. കാത്തിരിക്കാം തുളസിയെന്ന അതിശയച്ചെടിയുടെ  അത്ഭുത മരുന്നിനായി.

അവലംബം: മാധ്യമം ഓണ്‍ലൈന്‍


Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)