Picture
ഒരു പ്രമേഹരോഗിയും ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് പ്രമേഹരോഗിയാവുന്നതല്ല. ഇന്‍സുലിന്‍ റസിസ്റ്റന്‍സ് മുതല്‍ പലപല ഘട്ടങ്ങളിലൂടെ ഒരു പൂര്‍ണപ്രമേഹരോഗിയായിത്തീരുന്നു. ഈ സ്റ്റെപ്പുകളിലെല്ലാം നമുക്ക് ബുദ്ധിപൂര്‍വ്വം ഇടപെടുകയും പ്രമേഹത്തിന്റെ വരവിനെ തടുക്കുകയും ചെയ്യാം.

പ്രമേഹം വരാതിരിക്കാന്‍ പല മാര്‍ഗങ്ങളും നിര്‍ദേശങ്ങളും ഇന്നു വ്യാപകമായി നിലവിലുണ്ട്. എന്നാല്‍ അവയൊന്നുംതന്നെ ഉദ്ദേശിച്ച രീതിയില്‍ ഗുണം ചെയ്യുന്നില്ല. നിലവിലുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടിവരുന്ന പണച്ചെലവ് കണക്കാക്കുമ്പോള്‍ അഭികാമ്യവുമല്ല. അതുകൊണ്ടുതന്നെ കൂടുതല്‍ ശാസ്ത്രീയവും ശ്രദ്ധാപൂര്‍വവുമായ പുതിയ പഠനങ്ങള്‍ അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. ആദ്യമായി വേണ്ടത് ഒരാള്‍ക്ക് പ്രമേഹം ഉണ്ടോ എന്ന് ലളിതമായ മാര്‍ഗത്തിലൂടെ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ പറ്റുന്ന, വ്യാപകമായി ഉപയോഗിക്കാന്‍ പറ്റുന്ന, കണിശമായ റിസള്‍ട്ട് തരുന്ന ഒരു ടെസ്റ്റാണ്. (പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്)


പാരമ്പര്യരോഗമായ പ്രമേഹം വരാതെ നോക്കിയോ ചികിത്സിച്ചു മാറ്റിയോ പ്രമേഹമില്ലാത്ത അവസ്ഥ തുടര്‍ന്നാല്‍ പാരമ്പര്യഘടക ത്തിന്റെ ശക്തി കുറയില്ലേ? അടുത്ത തലമുറയിലേക്ക് പകര്‍ന്നു കൊടുക്കാനുള്ള സാധ്യത കുറയില്ലേ? കഴിഞ്ഞ ഏകദേശം 50 കൊല്ല

ങ്ങള്‍ക്കിടയിലാണല്ലോ ലോകമെങ്ങും പ്രമേഹം പെട്ടെന്ന് കൂടുതലായത്. പാരമ്പര്യഘടകത്തെ പെട്ടെന്ന് ഇറക്കുമതി ചെയ്യാന്‍ കഴിയുമോ? ഉണ്ടായിരുന്ന പാരമ്പര്യഘടകത്തിന് പുറമെ അനുകൂലമായ സാഹചര്യംകൂടി ഉണ്ടായപ്പോള്‍ പ്രമേഹരോഗം പ്രത്യക്ഷപ്പെട്ടു. മിക്ക രാജ്യങ്ങളിലും പ്രമേഹരോഗികളുടെ ആരോഗ്യപരിപാലനത്തിനു വിനിയോഗിക്കുന്ന മൊത്തം ചെലവിന്റെ 60 ശതമാനത്തോളം പ്രമേഹത്തില്‍ സങ്കീര്‍ണതകള്‍ പ്രത്യക്ഷപ്പെട്ടവര്‍ക്കുവേണ്ടി ചെലവാക്കേണ്ടി വരുന്നുണ്ട്. അതുകൊണ്ടുതന്നെ സ്‌ക്രീനിങ് (ടരൃലലിശിഴ) നടത്തി തുടക്കത്തിലേ പ്രമേഹവും അതിന്റെ സങ്കീര്‍ണതകളും കാഠിന്യവും കുറച്ചുകൊണ്ടുവരേണ്ടത് ആവശ്യമാണ്. അങ്ങനെ ചെയ്യുമ്പോള്‍ പ്രമേഹരോഗിക്ക് പ്രത്യേകിച്ചും സമൂഹത്തിന് പൊതുവേയും ദീര്‍ഘകാലപ്രയോജനം ലഭിക്കും.

പ്രഥമ പ്രതിരോധം (Primary Prevention)

പ്രതിരോധിക്കുകയോ തുടക്കത്തില്‍ത്തന്നെ കണ്ടെത്തി പെട്ടെന്ന് ശരിയായ രീതിയില്‍ ചികിത്സിച്ച് കെടുതികള്‍ വരുത്താതെ നോക്കുകയോ പൂര്‍ണമായി മാറ്റുകയോ ചെയ്താല്‍ കിട്ടുന്ന നേട്ടം പ്രമേഹത്തെപ്പോലെ മറ്റൊരു രോഗത്തിനുമില്ല.

രോഗാവസ്ഥയും അകാലത്തിലുള്ള മരണവും ചികിത്സിക്കാനാവശ്യമായ ചെലവുകളും രാജ്യങ്ങളുടെമേല്‍ കെട്ടിവെക്കുന്ന ദുര്‍വഹമായ സാമൂഹികസാമ്പത്തിക ഭാരവും കണക്കിലെടുത്താല്‍ പ്രമേഹത്തിന്റെ കാര്യത്തില്‍ പ്രാഥമികപ്രതിരോധം രാഷ്ട്രത്തിന്റെ ഒരു പ്രഖ്യാപിത ലക്ഷ്യം ആകേണ്ടതാണ്.


രോഗസാധ്യതയുള്ള വ്യക്തികളില്‍ രോഗം പ്രതിരോധിക്കുക എന്നതാണ് നിലവിലുള്ള രീതി. അത്തരക്കാരുടെ ജീവിതശൈലിയിലും ചുറ്റുപാടുകളിലും മാറ്റം വരുത്തി ആപല്‍ഘടകങ്ങളെ (risk factors) ഒഴിവാക്കുക എന്നതാണ് ഇതിന് അവലംബിക്കുന്ന മാര്‍ഗം. ഇതില്‍ മരുന്ന് അത്യാവശ്യമെങ്കില്‍ ലഘുവായ തരത്തില്‍ ഉള്‍പ്പെടുത്തേണ്ടതായി വരാം.


ധനികരാഷ്ട്രങ്ങളില്‍പ്പോലും ടൈപ്പ് ഒന്ന് പ്രമേഹരോഗികള്‍ക്കുള്ള ആപല്‍ഘടകങ്ങള്‍ കണ്ടുപിടിക്കുന്നതിന്റെ തോത് നന്നേ കുറവാണ്. ഇത്തരം പ്രമേഹത്തിന്റെ ജനിതകവും ഇമ്യൂണോളജിയും അടിസ്ഥാനമാക്കിയിട്ടുള്ള അടയാളങ്ങളെ കണ്ടുപിടിക്കുന്നത് വളരെയധികം ചെലവു കൂടിയ കാര്യമാണ്. നമ്മുടേതുമാതിരിയുള്ള ഒരു വികസ്വരരാഷ്ട്രത്തിന് അത്തരം പരിപാടിയെക്കുറിച്ച് സ്വപ്നം കാണുകപോലും അസാധ്യമാണ്. മാത്രവുമല്ല, അത് കുട്ടിയിലും രക്ഷിതാക്കളിലും ഒരേപോലെ ആശങ്ക വളര്‍ത്താന്‍ ഇടവരുത്തുകയും ചെയ്യും.

സംശയാതീതമായി തെളിയിച്ചിട്ടില്ലെങ്കിലും ടൈപ്പ് ഒന്ന് പ്രമേഹത്തെ പ്രതിരോധിക്കാനുള്ള ചില മാര്‍ഗങ്ങള്‍ ഇതിനകം നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.

അതിലൊന്ന്, പശുവിന്‍പാലിലടങ്ങിയ പ്രോട്ടീന്‍ ജനിച്ച അന്നുമുതല്‍ ഒരു വര്‍ഷക്കാലത്തേക്ക് കൊടുക്കാതിരുന്നാല്‍ കുട്ടികളില്‍ ടൈപ്പ് ഒന്ന് പ്രമേഹം വരാനുള്ള സാധ്യത കുറയും എന്നതാണ്. പാല്‍പ്പൊടികളുടെയും ബേബിഫുഡ്ഡുകളുടെയും വിപുലമായ ഉപയോഗം ഈ പ്രമേഹത്തിനു കാരണമായിത്തീര്‍ന്നിട്ടുണ്ടായിരിക്കാം. അതുകൊണ്ടാവണം പടിഞ്ഞാറന്‍രാജ്യങ്ങളില്‍ ഇത്തരം പ്രമേഹം അവികസിത രാജ്യങ്ങളിലുള്ളതിനേക്കാള്‍ കൂടുതലായി കണ്ടുവരുന്നത്.


ഇന്‍സുലിന്റെ നിര്‍വീര്യാവസ്ഥ ഇംപയേര്‍ഡ് ഗ്ലൂക്കോസ് ടോളറന്‍സ് എന്ന ഘട്ടത്തിലൂടെ കടന്ന് യഥാര്‍ഥ ടൈപ്പ് രണ്ട് പ്രമേഹമായി മാറുന്നു. ഇതു വിരല്‍ചൂണ്ടുന്നത് ടൈപ്പ് രണ്ട് പ്രമേഹരോഗികള്‍ക്ക് പലവിധത്തിലുള്ള ആപല്‍ഘടകങ്ങള്‍ (risk factors) നിലനില്ക്കുന്നുവെന്നും ഈ രോഗം വരാന്‍ സാധ്യതയുള്ളവരെ കാലേക്കൂട്ടി കണ്ടുപിടിക്കാന്‍ മാര്‍ഗങ്ങളുണ്ട് എന്നുമുള്ള യാഥാര്‍ഥ്യത്തിലേക്കാണ്. ടൈപ്പ് രണ്ട് പ്രമേഹത്തിലേക്കുള്ള മാറ്റത്തിന് ജനിതകസാധ്യതയും ചുറ്റുപാടുകളുടെ സമ്മര്‍ദവും വഴിതെളിയിക്കുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ ഇതിനു കാരണമായ പ്രത്യേക ജനിതകഘടകമോ ജനിതകസങ്കലനമോ ഇതുവരെ വ്യക്തമായി കണ്ടുപിടിച്ചിട്ടില്ല.


പ്രാഥമിക പ്രതിരോധത്തിന് സാമാന്യമായി രണ്ടു മാര്‍ഗങ്ങളുണ്ട്. ജനങ്ങളെ പൊതുവേയും രോഗം വരാന്‍ സാധ്യത കൂടുതലുള്ളവരെ പ്രത്യേകിച്ചും പഠനവിധേയരാക്കുക. ജനങ്ങളെ പൊതുവേ രക്ത പരിശോധനയ്ക്ക് വിധേയമാക്കി ഇതു നേടുക സാധ്യമല്ല. കാരണം അതിനു വേണ്ടിവരുന്ന പണവും സമയവും സന്നാഹങ്ങളും ലഭ്യമല്ല. ഇന്ന് നടത്തപ്പെടുന്ന പ്രമേഹരോഗനിര്‍ണയ ക്യാമ്പുകള്‍ വഴി ഈ ഗൗരവമേറിയ പ്രശ്‌നത്തിന്റെ അടുത്തുപോലും എത്താന്‍ നമുക്ക് സാധിക്കുകയില്ല. നേരേമറിച്ച്, ഈ പുസ്തകത്തില്‍ പറഞ്ഞ പുതിയ മൂത്ര പരിശോധനാമാര്‍ഗം സ്വീകരിച്ചാല്‍ രക്തപരിശോധനയിലൂടെ 100 പേരെ ടെസ്റ്റു ചെയ്യുന്ന അതേ സംവിധാനംകൊണ്ട് പതിനായിരം പേരെ ടെസ്റ്റു ചെയ്യാന്‍ കഴിയും. രോഗിയുടെയും പൊതുജനങ്ങളുടെയും സേവനം ഉപയോഗപ്പെടുത്തുകയും ചെയ്യാം. രോഗം വരാന്‍ സാധ്യതയുള്ളവര്‍ ചുവടെ പറയുന്നവരാണ്.

1. പ്രമേഹരോഗ കുടുംബപാരമ്പര്യമുള്ളവര്‍ - രക്തബന്ധമുള്ളവരില്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറയിലുള്ളവര്‍പോലും ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.
2. ഇന്‍പെയേര്‍ഡ് ഗ്ലൂക്കോസ് ടോളറന്‍സും ഇന്‍പെയേര്‍ഡ് ഫാസ്റ്റിങ് ഗ്ലൂക്കോസും ഉള്ളവര്‍.
3. പൊണ്ണത്തടിയന്മാരും തീരെ അധ്വാനമോ വ്യായാമമോ ചെയ്യാത്തവരും.
4. ഗര്‍ഭകാലത്ത് പ്രമേഹം വന്നവര്‍, അധിക തൂക്കം (4 കി.ഗ്രാം) ഉള്ള കുട്ടിയെ പ്രസവിച്ചവര്‍.
5. അമിത മാനസികസംഘര്‍ഷമുള്ളവര്‍. എ-ടൈപ്പ് പേഴ്‌സണാലിറ്റി ഉള്ളവര്‍.
6. മെറ്റബോളിക് സിന്‍ഡ്രോമിന്റെ ഭാഗമായി രക്തത്തില്‍ എച്ച്.ഡി.എല്‍. കൊളസ്‌ട്രോള്‍ കുറവുള്ളവര്‍ - ട്രൈഗ്ലിസറൈഡ് കൂടുതല്‍ ഉള്ളവര്‍ - അമിത രക്തസമ്മര്‍ദമുള്ളവര്‍ - ടോട്ടല്‍ കൊളസ്‌ട്രോള്‍ കൂടുതല്‍ ഉള്ളവര്‍ - കൊറോണറി ഹൃദ്രോഗമുള്ളവര്‍.
7. ഇന്‍സുലിന്‍ റസിസ്റ്റന്‍സിന്റെ ലക്ഷണമായ എക്കാന്‍തോസിസ് നൈഗ്രികാന്‍സ് തുടങ്ങിയവയുള്ളവര്‍.
8. പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് ഉള്ള സ്ത്രീകള്‍.
9. കഴുത്തിന്റെ പുറകുവശത്ത് കൊഴുപ്പ് അടിഞ്ഞുകൂടിയവര്‍.
10. ദീര്‍ഘകാലമായി ലക്ഷണങ്ങളിലാത്ത പ്രമേഹരോഗത്തിന്റെ ലക്ഷണമായ തൊലിയിലുണ്ടാകുന്ന നെക്രോബയോസിസ് ലൈപോയ്ഡിക ഡൈബറ്റികോറം ഉള്ളവര്‍.
11. ചില രാജ്യങ്ങളിലുള്ള ചില പ്രത്യേക ജനവിഭാഗങ്ങള്‍. ഉദാഹരണം പൈമ ഇന്ത്യക്കാര്‍, ലാറ്റിനമേരിക്കക്കാര്‍ തുടങ്ങിയവര്‍.
12. ഇടയ്ക്കിടയ്ക്ക് കണ്ണട മാറ്റുന്നവര്‍, അകാലത്തില്‍ ഷണ്ഡത്വം ബാധിച്ചവര്‍, ആന്‍ക്‌സൈറ്റി ഡിപ്രഷന്‍ ഉള്ളവര്‍, ക്ഷിപ്രകോപികള്‍.
13. തുടര്‍ച്ചയായി ഗര്‍ഭം അലസുന്നവര്‍
14. ഇടക്കിടെ അണുബാധയുണ്ടാകുന്നവര്‍
15. 40 വയസ്സിന് മേലെ പ്രായമുള്ളവര്‍

രോഗം വരാതിരിക്കാന്‍ വേണ്ടിയുള്ള ചില നടപടികള്‍ ഫലപ്രദമായിരുന്നുവെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ജീവിതശൈലിയില്‍ വരുത്തിയ മാറ്റങ്ങളായിരുന്നു ഇതിനാധാരം. തൂക്കം കുറയ്ക്കാന്‍വേണ്ടി കൂടുതലായി ശാരീരികവ്യായാമം ചെയ്യുകയായിരുന്നു ഇതിനു സ്വീകരിച്ച മാര്‍ഗം. എന്നാല്‍, ചില സമൂഹങ്ങളില്‍, പ്രത്യേകിച്ച് മുതലാളിത്തരാഷ്ട്രങ്ങളില്‍ ജനങ്ങള്‍ അതുവരെ ശീലിച്ചുപോന്ന ജീവിതരീതിയില്‍ മാറ്റംവരുത്തല്‍ അപ്രായോഗികമാണെന്നാണ് തെളിഞ്ഞത്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇതു സാധ്യമാണെന്നാണ് എന്റെ പഠനം തെളിയിച്ചത്. ശരീരഘടനയില്‍ (body composition) മാറ്റംവരുത്തിയിട്ടാണ് ഇത് സാധിച്ചെടുത്തത്. മാത്രവുമല്ല, ശരീരത്തിന്റെ തൂക്കം വര്‍ധിപ്പിച്ചും മരുന്നുപ്രയോഗം കുറച്ചും തീരെ ഇല്ലാതാക്കിയും പ്രമേഹത്തെ കീഴടക്കാമെന്ന എന്റേതുപോലുള്ള ഒരു പഠനവും ലോകത്തില്‍ ഒരിടത്തും ഇന്നേവരെ ഉണ്ടായിട്ടില്ല. പ്രമേഹരോഗത്തെ പ്രതിരോധിക്കുവാനുള്ള എന്റെ ഈ നിര്‍ദേശങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചികിത്സ ആവശ്യമായിവരുന്ന രക്തക്കുഴല്‍രോഗമായ അതിരോസ്‌ക്ലീറോസിസ്, കോറൊണറി ഹൃദ്രോഗം തുടങ്ങിയവയുടേതിനു തുല്യമാണ്. എന്നാല്‍ തൂക്കം കുറയ്ക്കുന്നതിന് വിപരീതമായി ചിലരില്‍ തൂക്കം വര്‍ധിപ്പിച്ചുകൊണ്ടുതന്നെ പ്രമേഹം നിയന്ത്രിക്കുക എന്നതായിരുന്നു ഞാന്‍ സ്വീകരിച്ച മാര്‍ഗം. പക്ഷേ, തൂക്കം വര്‍ധിപ്പിച്ചത് ശരീരത്തിലെ പ്രോട്ടീന്‍സ്രോതസ്സായ മാംസപേശികളെ പുഷ്ടിപ്പെടുത്തിക്കൊണ്ടായിരുന്നു. ഒപ്പംതന്നെ കൊഴുപ്പ് ഘടകത്തെ കുറച്ചുകൊണ്ട് വരികയും ചെയ്തു. 50 ശതമാനം രോഗികളില്‍ മരുന്നുകള്‍ നിശ്ശേഷം ഉപേക്ഷിച്ചിട്ടുപോലും രക്തത്തിലെ ഗ്ലൂക്കോസ് സാധാരണ അളവില്‍ നിലനിര്‍ത്താന്‍ എളുപ്പം കഴിഞ്ഞു. ഇതുതന്നെയാണ് രോഗപ്രതിരോധത്തിനും ഏറ്റവും ഉചിതമായ മാര്‍ഗം.


സ്‌ക്രീന്‍ചെയ്ത് കാലേക്കൂട്ടി രോഗം കണ്ടുപിടിക്കലും അതിന്റെ മുന്നേറ്റം ഇല്ലായ്മ ചെയ്യുകയോ കുറയ്ക്കുകയോ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കലുമാണ് സെക്കന്‍ഡറി പ്രതിരോധംകൊണ്ടുദ്ദേശിക്കുന്നത്. രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കല്‍ ഒരു പ്രധാന ഘടകം തന്നെയാണ്. ഡയബറ്റസ് കണ്‍ട്രോള്‍ ആന്‍ഡ് കോംപ്ലിക്കേഷന്‍സ് ട്രയല്‍ (DCCT) പ്രകാരം പ്രമേഹരോഗിയുടെ ഗ്ലൂക്കോസ് നില നല്ലപോലെ പിടിച്ചുനിര്‍ത്തിയാലുള്ള ഗുണം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഹിമോഗ്ലോബിന്‍ എ1 സി ഒന്‍പതില്‍നിന്ന് ഏഴു ശതമാനത്തിലേക്കു കുറച്ചാല്‍ പ്രമേഹത്തിന്റെ റെട്ടിനോപതി, നെഫ്രോപതി, ന്യൂറോപതി തുടങ്ങിയ എല്ലാവിധ സങ്കീര്‍ണതകളും ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്ന് ആ പഠനം തെളിയിച്ചിട്ടുണ്ട്. പക്ഷേ, ഒരു കാര്യം ശ്രദ്ധയില്‍പ്പെടുത്തുന്നു. ഈ പഠനത്തിന്റെ ഫലം കുറച്ചുകാലമേ നിലനില്ക്കുകയുള്ളൂ. കാരണം, ആ പഠനം കഴിയുമ്പോഴേക്കും മിക്കവരും വീണ്ടും വീണ്ടുമുള്ള ഹൈപോഗ്ലൈസീമിയ കാരണം പൊണ്ണത്തടിയന്മാരായി മാറിയിട്ടുണ്ടാവുമല്ലോ. പൊണ്ണത്തടി കൂടുന്നതിനനുസരിച്ച് ഇന്‍സുലിന്റെ ആവശ്യകത കൂടുമെന്ന് ആര്‍ക്കാണറിയാത്തത്? ഇന്ത്യയിലെയും മറ്റ് ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് അത്യാവശ്യത്തിനുപോലും ഇന്‍സുലിന്‍ വാങ്ങി ഉപയോഗിക്കാനുള്ള സാമ്പത്തികശേഷിയില്ല. അപ്പോള്‍ പിന്നെ ചികിത്സ കാരണം കൂടുതല്‍ ഇന്‍സുലിന്‍ പ്രചരിപ്പിച്ചാല്‍ അതിന്റെ ഫലം എന്തായിരിക്കും? ചികിത്സാച്ചെലവ് കൂടുമ്പോള്‍ തുടര്‍ച്ചയായി ചികിത്സചെയ്യാന്‍ സാധ്യമാകാതെ വരും. ഇന്‍സുലിന്‍ ഇടയ്ക്കിടെ എടുക്കുമ്പോള്‍ പ്രമേഹത്തിന്റെ കെടുതികള്‍ വര്‍ധിക്കുകയും ചെയ്യും.


ഈ പഠനത്തിന്റെ മറ്റൊരു ദൂഷ്യഫലം ഇതില്‍ പങ്കെടുത്തവരില്‍ ഗുരുതരമായ ഹൈപോഗ്ലൈസീമിയ രണ്ടുമൂന്നിരട്ടി വര്‍ധിച്ചു എന്നതാണ്.അടിക്കടി ആശുപത്രിപ്രവേശനവും കൂടി. ഇതിനു വേണ്ടിവരുന്ന ധനനഷ്ടം താങ്ങാനുള്ള കഴിവ് നമ്മുടെ പ്രമേഹരോഗികള്‍ക്കില്ല. അതുകൊണ്ട് എത്രതന്നെ ഗുണം ലഭിച്ചാലും ഈ ചികിത്സ നമ്മുടെ രാജ്യത്തിന് അനുയോജ്യമല്ല. യു.കെ.പി.ഡി.എസ്. (UKPDS), കുമ്മോട്ടോ (ഗഡങങഛഠഠഛ) തുടങ്ങിയ പഠനങ്ങളും ഏകദേശം ഇതേപോലെത്തന്നെയാണ്.


ഭക്ഷണത്തിലുള്ള ചെറിയ മാറ്റങ്ങളും വ്യായാമവും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള എന്റെ പാത സ്വീകരിച്ച് പ്രമേഹം നിയന്ത്രിച്ചാല്‍ ശരീരത്തിന്റെ ഘടനയില്‍ മാറ്റംവരുത്തി രോഗത്തെ നല്ലപോലെ നിയന്ത്രിക്കാന്‍ കഴിയും. ഹൈപോഗ്ലൈസീമിയയോ പൊണ്ണത്തടിയോ വരുന്നില്ല. ഗുളികകളുടെയും ഇന്‍സുലിന്റെയും അളവ് പല രോഗികളിലും കുറച്ചുകൊണ്ടുവരാനും എന്നന്നേക്കുമായി നിര്‍ത്താനും സാധിക്കുന്നു.

ഇതിനെല്ലാംപുറമെ പ്രമേഹത്തോടനുബന്ധിച്ചുള്ള കൊളസ്‌ട്രോള്‍ വര്‍ധന(Hyper lipidemia)യ്ക്കും ചെറിയ തോതിലുള്ള ബ്ലഡ് പ്രഷറിനുമുള്ള ചികിത്സയും അതുതന്നെയാണ്. ഇതുകാരണം പ്രമേഹരോഗികളില്‍ കാണുന്ന വര്‍ധിച്ച ഹൃദ്രോഗനിരക്ക് കുറയുന്നു.

പ്രമേഹരോഗികളുടെ സങ്കീര്‍ണതകള്‍ കുറയ്ക്കുക മാത്രമല്ല, അവരുടെ പുനരധിവാസം കൂടിയാണിത്. പ്രഷറും പ്രമേഹവുമുള്ള രോഗികളില്‍ പ്രമേഹം നിയന്ത്രിക്കുന്നതോടൊപ്പം പ്രഷറും നിയന്ത്രണവിധേയമായാല്‍ നെഫ്രോപതി വരാനുള്ള സാധ്യത വളരെ കുറയുന്നു. ഗുളികരൂപത്തില്‍ കിട്ടുന്ന എ.സി.ഇ.ഇന്‍ഹിബിറ്ററുകള്‍ക്കും ബ്ലോക്കറുകള്‍ക്കും വൃക്ക സംരക്ഷണത്തിനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതു കിഡ്‌നി ഫെയ്‌ലിയറിന്റെ ആദ്യ ലക്ഷണമായ മൈക്രോ ആല്‍ബുമിനൂറിയയുടെ ആവിര്‍ഭാവം തടയുകയോ തുടങ്ങാനുള്ള കാലദൈര്‍ഘ്യം കൂട്ടുകയോ ചെയ്യും. ചിലര്‍ക്കല്ലാം അതു മാറ്റുന്നുമുണ്ട്. ചെലവാക്കുന്ന പണത്തിന് ഗുണം ലഭിക്കുന്നുണ്ടെന്നാണിത് കാണിക്കുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന മരുന്നുകഴിച്ച് അവ നിയന്ത്രിച്ചുനിര്‍ത്തിയാല്‍ കൊറോണറി ഹൃദ്രോഗനിരക്ക് കുറയുകയും, ആന്‍ജിയോപ്ലാസ്റ്റിയും ബൈപാസ് ഗ്രാഫ്റ്റിങ്ങും ഒരളവോളം കുറയ്ക്കാന്‍ കഴിയുകയും ചെയ്യുന്നു. പക്ഷേ, നമ്മുടെ ആളുകളില്‍ ഭക്ഷണവും വ്യായാമവുമുപയോഗിച്ച് കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ആത്മാര്‍ഥമായ ശ്രമം മൂന്ന്-ആറ് മാസമെങ്കിലും ചെയ്തശേഷമേ മരുന്നു തുടങ്ങേണ്ടതായിട്ടുള്ളൂ. ഈ പുസ്തകത്തില്‍ പറഞ്ഞ പാത സ്വീകരിച്ചവരില്‍ പലര്‍ക്കും ഗുളിക കഴിക്കാതെതന്നെ കൊളസ്‌ട്രോള്‍ നോര്‍മലായി കണ്ടിട്ടുണ്ട്.


ഈ പ്രതിരോധനടപടികള്‍ സാമ്പത്തികമായി വലിയ നേട്ടംതന്നെയാണെന്നതില്‍ സംശയമില്ല. പക്ഷേ, ഈ പരിപാടികള്‍ അതാത് നാടുകളിലെ ജനങ്ങള്‍ക്കു യോജിച്ചതായിരിക്കണം. ആ രാജ്യത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവുമായ ചിട്ടകളെ വിലയിരുത്തിക്കൊണ്ടുള്ളതാകണം.


എന്തുവിലകൊടുത്തും നേടേണ്ട ഒരു ലക്ഷ്യമാണ് പ്രമേഹത്തിന്റെ പ്രതിരോധവും നിര്‍മാര്‍ജനവും. അതിന് നാം എന്തെല്ലാം ചെയ്യേണ്ടിയിരിക്കുന്നു?


അനുഭവങ്ങളുടെയും പരീക്ഷണനിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ എനിക്കു പറയാന്‍കഴിയും. ടൈപ്പ്-രണ്ട് പ്രമേഹം ഒരു പാരമ്പര്യരോഗമാണെന്ന്. പക്ഷേ പാരമ്പര്യഘടകത്തോടൊപ്പം പാരിസ്ഥിതികമായ ഘടകങ്ങള്‍കൂടി ഒത്തുചേരുമ്പോഴാണ് മിക്കപ്പോഴും പ്രമേഹം പ്രത്യക്ഷപ്പെടുന്നത്.


പൊണ്ണത്തടി, മാനസികസംഘര്‍ഷങ്ങള്‍ തുടങ്ങിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കുറയ്ക്കാനുള്ള നിലപാടുകള്‍ സ്വീകരിച്ചാല്‍ പ്രമേഹത്തിന്റെ വരവിനെ നീട്ടിവെക്കാനോ ചിലപ്പോള്‍ തടയാനോ സാധിക്കും. മകനു പ്രമേഹം വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടായിരിക്കാം അച്ഛനു പ്രമേഹം വരുന്നത്. ഇതു മനസ്സില്‍വെച്ച് ചുവടെ പറയുന്ന ഉപദേശങ്ങള്‍ നല്കുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. വായനക്കാര്‍ക്ക് തമാശയാണെന്നോ ക്രൂരമാണെന്നോ ഒക്കെ തോന്നാമെങ്കിലും.


1. ഒരു പ്രമേഹരോഗി മറ്റൊരു പ്രമേഹരോഗിയെ (കഴിയുവതും) കല്യാണം കഴിക്കരുത്.


2. പ്രമേഹമുള്ള പുരുഷനോ സ്ത്രീയോ കഴിവതും പ്രമേഹമുള്ള കുടുംബങ്ങളില്‍നിന്ന് വിവാഹം ഒഴിവാക്കാന്‍ ശ്രമിക്കണം.


3. മേല്പറഞ്ഞ ഏതെങ്കിലുമൊന്ന് സംഭവിച്ചിട്ടുണ്ടെങ്കില്‍ സന്താനങ്ങള്‍ രണ്ടില്‍ പരിമിതപ്പെടുത്തുന്നത് നന്ന്. മാത്രവുമല്ല, ആ കുട്ടികള്‍ക്ക് ബാല്യത്തിലുണ്ടാകുന്ന പൊണ്ണത്തടി തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണ്. മുതിര്‍ന്നുവരുമ്പോഴും അവര്‍ക്ക് അമിത തൂക്കം പാടില്ല. പ്രമേഹകുടുംബത്തില്‍ ജനിച്ച ഈ കുട്ടികള്‍ വലുതാകുമ്പോള്‍ പ്രമേഹമില്ലാത്ത കുടുംബത്തില്‍നിന്ന് കല്യാണം കഴിച്ചാല്‍ നന്ന്. ഇത്തരം ആളുകള്‍ പാന്‍ക്രിയാസിനെ വിഷപ്പെടുത്തുന്ന പുകയില, പുകവലി, മദ്യപാനം, പ്രമേഹജന്യമായ മരുന്നുകളുടെ ഉപയോഗം എന്നിവ വര്‍ജിക്കണം. ഇവര്‍ കുട്ടികളായിരിക്കുമ്പോള്‍ മാനസിക സംഘര്‍ഷങ്ങളില്ലാത്ത ഒരു ബാല്യം അവര്‍ക്ക് നല്‌കേണ്ടതാണ്. അത് അവരുടെ രോഗപ്രതിരോധശക്തി കൂടുതലാവാന്‍ സഹായിക്കും. തന്മൂലം കുട്ടികളിലുണ്ടാവുന്ന പ്രമേഹമുണ്ടാകാന്‍ സഹായകമായിത്തീരുന്ന വൈറസ് പനികളെ ചെറുക്കാന്‍ കഴിയുകയും ചെയ്യുന്നു.


4. ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ അമ്മയ്ക്ക് ആവശ്യമുള്ളത്ര പോഷകമൂല്യങ്ങളടങ്ങിയ സമീകൃതാഹാരം നിര്‍ദേശിക്കപ്പെട്ട അളവില്‍ നല്കണം. ഗര്‍ഭകാലഘട്ടത്തിലുണ്ടാവുന്ന മാല്‍നൂട്രീഷന്‍ ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. കാരണം അങ്ങനെ ജനിക്കുന്ന കുട്ടികള്‍ വലുതാവുമ്പോള്‍ പ്രമേഹരോഗികളായി മാറാറുണ്ട്. കാരണം വ്യക്തമല്ല. എങ്കിലും ഗര്‍ഭാശയത്തിലാ ണല്ലോ അവയവ രൂപീകരണം (ഛൃഴമിീ ഴലിലശെ)െ നടക്കുന്നത്. ആവശ്യമുള്ള പ്രോട്ടീനും മറ്റു പദാര്‍ഥങ്ങളും ലഭ്യമാക്കിയില്ലെ ങ്കില്‍ കുട്ടിയുടെ പാന്‍ക്രിയാസിലെ കോശങ്ങളുടെ എണ്ണംതന്നെ കുറയുന്നുണ്ടാവാം. വളര്‍ച്ച മുരടിക്കുന്നുമുണ്ടാകാം. ഗര്‍ഭിണികളായ സ്ത്രീകളെ മാനസികമായി ക്രൂരമായി പീഡിപ്പിക്കല്‍ അവരുടെ കുട്ടികളില്‍ ഭാവിയില്‍ പ്രമേഹം വരാന്‍ സാധ്യത വര്‍ധിപ്പിക്കാം.


5. അധികഭക്ഷണം ഒഴിവാക്കുക. അന്നന്ന് കഴിക്കുന്ന ആഹാരത്തിനനുസരിച്ചുള്ള ജോലിയോ വ്യായാമമോ ചെയ്യുക. പൊണ്ണത്തടി വരാതിരിക്കാന്‍ വേണ്ടിയാണിത്. വ്യക്തിയുടെ ഉയരത്തിന് വിധിച്ചിട്ടുള്ള തൂക്കമോ, കഴിയുമെങ്കില്‍ രണ്ടു കി.ഗ്രാം കുറവോ നിലനിര്‍ത്തുക. അതേസമയം പൊക്കിള്‍ ലവലിലുള്ള ഉദരചുറ്റളവ്, മുലക്കണ്ണ് ലെവലിലുള്ള നെഞ്ചിന്റെ ചുറ്റളവിനേക്കാള്‍ തീര്‍ച്ചയായും കഴിയുന്നത്ര കുറയ്ക്കുകയും വേണം.


6. സമീകൃതാഹാരം കഴിക്കുക. എല്ലാ പ്രധാന ഭക്ഷണസമയത്തും (രാവിലെ, ഉച്ച, രാത്രി) ആഹാരം സമീകൃതമാക്കുന്നതിന് പുറമേ കഴിയുമെങ്കില്‍ തുല്യഅളവില്‍ കഴിക്കുക. വിശപ്പു മാറാന്‍ മാത്രം കഴിച്ചിരിക്കയും വേണം. വയര്‍ നിറയുന്നതുവരെ കഴിക്കരുത്. എല്ലാനേരവും പയര്‍വര്‍ഗത്തില്‍പ്പെട്ട ഏതെങ്കിലും ഒരിനം ചേര്‍ത്തു കഴിച്ചാല്‍ ഭക്ഷണം സമീകൃതമായി എന്നാണ് പല പഠനങ്ങളിലും കണ്ടെത്തിയത്. എണ്ണ പരമാവധി കുറയ്ക്കുകയും ചെയ്യുക. ഇടയ്ക്കുള്ള സമയങ്ങളില്‍ വേവിക്കാത്ത പച്ചക്കറികള്‍ ധാരാളം കഴിക്കണം. ഉദാ: വെള്ളരിക്ക, കക്കിരിക്ക, കോവയ്ക്ക, മൂക്കാത്ത വെണ്ടയ്ക്ക, തക്കാളി, പപ്പായ തുടങ്ങിയവ.


7. കഴിവതും മാനസികസംഘര്‍ഷം, ദേഷ്യം, അപകര്‍ഷതാബോധം, അസൂയ, വൈരാഗ്യം, വാശി എന്നിവ ഒഴിവാക്കുക. ഇവയെല്ലാം ഫ്രീ റാഡിക്കലുകള്‍ ഉത്പാദിപ്പിക്കുന്നവയാണ്. ഇവ എല്‍.ഡി.എല്‍ കൊളസ്‌ട്രോളിനെ ഓക്‌സീകരിക്കുകയും ഇന്‍സുലിനെതിരെ പ്രവര്‍ത്തിക്കുന്ന ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. പ്രമേഹരോഗികള്‍ ജാഗ്രതയോടെ കരുതിയിരിക്കേണ്ട ഒരു കാര്യമാണിത്. ഏതു വിഷമാവസ്ഥയിലും ക്ഷമ പാലിക്കുന്നവര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത കുറവാണ്. അക്കൂട്ടരില്‍ സ്‌ട്രെസ്സ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുകയില്ലല്ലോ.


പ്രമേഹമില്ലെങ്കിലും പ്രമേഹം വരാന്‍ സാധ്യതയുള്ള മുമ്പ് വിവരിച്ച ആളുകള്‍ പ്രത്യേകമായി പരിശോധന നടത്തേണ്ടതാണ്. ഇവരെ കാലേക്കൂട്ടി പരിശോധിക്കുകയും ഗ്ലൂക്കോസ് നില നോര്‍മല്‍ ലവലിന്റെ ഉയര്‍ന്ന പരിധിക്കടുത്താണെങ്കില്‍പ്പോലും ആവശ്യമുള്ള മുന്‍കരുതല്‍ എടുക്കുകയും വേണം.


കൂടുതല്‍ വിപുലമായ ബോധവത്കരണ പരിപാടിയിലൂടെയും പ്രമേഹം കാലേക്കൂട്ടിത്തന്നെ നിഷ്പ്രയാസം കണ്ടുപിടിക്കാന്‍ സഹായിക്കുന്ന എന്റെ ലളിതമായ ടെസ്റ്റിന്റെ ഉപയോഗത്തിലൂടെയും നിങ്ങള്‍ക്ക് ലോകത്തുള്ള മുഴുവന്‍ പ്രമേഹരോഗികളെയും സ്‌ക്രീന്‍ ചെയ്ത് എളുപ്പത്തില്‍ കണ്ടുപിടിക്കാം. കാലേക്കൂട്ടി കണ്ടുപിടിക്കുന്നതുകാരണം ഗ്ലൂക്കോടോക്‌സിസിറ്റിയും ലൈപോടോക്‌സിസിറ്റിയും മൂലമുണ്ടാകുന്ന ബീറ്റാകോശനാശം സംഭവിക്കുന്നതിനു മുന്‍പുതന്നെ ഭക്ഷണത്തിലും വ്യായാമത്തിലും ഊന്നിക്കൊണ്ടുള്ള ചികിത്സാരീതിയിലൂടെ മുഴുവന്‍ ടൈപ്പ്-രണ്ട് പ്രമേഹരോഗികളെയും ചികിത്സിച്ചു മാറ്റുകയും ചെയ്യാം. പക്ഷേ, ഒരു പ്രമേഹരോഗവിമുക്ത ലോകമാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ ജനിതകമായുംകൂടി ഈ പ്രശ്‌നത്തെ നേരിടണം.


പ്രമേഹരോഗത്തിന്റെ ജൈത്രയാത്ര തുടങ്ങിക്കഴിഞ്ഞ ഇപ്പോള്‍ ത്തന്നെ നമ്മള്‍ അത് സാധിച്ചെടുത്തില്ലെങ്കില്‍ ഭാവിയില്‍ അത് നേടിയെടുക്കുക അതീവ ദുഷ്‌കരമായിരിക്കും, അസാധ്യമായിരിക്കും. പ്രമേഹം ഒരു പാരമ്പര്യരോഗമാണെന്നതില്‍ എനിക്കു സംശയമില്ല. ജനറ്റിക് (ഏലിലശേര) ആയിത്തന്നെ അതിനെ കൈകാര്യം ചെയ്‌തെങ്കിലേ പ്രമേഹ വിമുക്തലോകം (Diabetes free world) സാക്ഷാത്കരിക്കാന്‍ കഴിയുകയുള്ളൂ. തീര്‍ച്ച.


(പ്രമേഹം എന്നന്നേക്കുമായി മാറ്റാം എന്ന പുസ്തകത്തില്‍ നിന്ന്)


പുസ്തകം വാങ്ങാം


(കടപ്പാട്‌: മാതൃഭൂമി)

 Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)