DR.V.Jayaram
M B B S, MD (Gen.Medicine), D M (Cardiology)
Associate Professor(Cardiology)
Medical College, Alappuzha.


സ്ഥിരമായി മീന്‍ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷിക്കാം എന്തെന്നാല്‍ ഇവര്‍ക്ക് ഹൃദ്രോഗം ഉണ്ടാകുവാനുള്ള സാദ്ധ്യത കുറവാണ്. അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസ്സിയെഷന്‍ കഴിഞ്ഞ രണ്ട് ദശകമായി നടത്തിവരുന്ന ഗവേഷണങ്ങളാണ് മീനിന്റെ ഔഷധഗുണങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്.

ഒമേഗ-3-കൊഴുപ്പമ്ളങ്ങള്‍
കൊഴുപ്പെന്നു കേള്‍ക്കുമ്പോള്‍ കൊളസ്ട്രോള്‍ കൂട്ടി ഹൃദ്രോഗത്തെ ക്ഷണിച്ചുവരുത്തുന്ന ഒരു വില്ലന്റെ രൂപമാണ് നമ്മുടെ മനസ്സില്‍ തെളിയുക. എന്നാല്‍ എല്ലാത്തരം കൊഴുപ്പുകളും ആപകടകാരികളല്ല. ചില പ്രത്യേകതരം കടല്‍ മീനുകളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന അപൂരിത കൊഴുപ്പായ ഒമേഗ-3- കൊഴുപ്പമ്ളങ്ങള്‍ ഇത്തരത്തില്‍ പെടുന്ന അപകടകാരിയല്ലാത്ത കൊഴുപ്പാണ്. ഈ നല്ല കൊഴുപ്പമ്ളത്തിന് ഹൃദ്രോഗം, രക്താതിസമ്മര്‍ദ്ദം, അര്‍ബുദ്ദം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള അത്ഭുതകരമായ കഴിവുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

എക്സിമോ വര്‍ഗ്ഗക്കാരില്‍ ഹൃദ്രോഗം കുറവ്
മംഗോളിയന്‍ വംശജരായ എക്സിമോ വര്‍ഗ്ഗക്കാരില്‍ ഹൃദ്രോഗം, പ്രഷര്‍, പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ അപൂര്‍വ്വമാണ്. ഇതിന്റെ കാരണം വൈദ്യശാസ്ത്രത്തിന് ഏറെക്കാലം ദുരൂഹമായിരുന്നു. ധാരാളം മീന്‍ ഉപയോഗിക്കുന്ന അവരില്‍ മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന ഒരു ഘടകമാവാം ഈ രോഗങ്ങളെ പ്രതിരോധിക്കുന്നതെന്ന ദിശയിലുള്ള ഗവേഷണങ്ങളാണ് ഈ നല്ല കൊഴുപ്പമ്ളങ്ങളുടെ ഔഷധഗുണങ്ങള്‍ കണ്ടുപിടിക്കാന്‍ വഴിതെളിയിച്ചത്.

കടല്‍മത്സ്യങ്ങള്‍ ഒമേഗ-3 കൊഴുപ്പമ്ളങ്ങളുടെ കലവറ
കേരളത്തിലെ കടല്‍തീരങ്ങളില്‍ സുഖമായി ലഭിക്കുന്ന മത്തി, അയല, ചൂര, കോര തുടങ്ങിയ മത്സ്യങ്ങളില്‍ ധാരാളം ഔമേഗ-3- കൊഴുപ്പമ്ളങ്ങള്‍ അടങ്ങിയിരിക്കുന്നു. ഈ നല്ല കൊഴുപ്പ് ഹൃദ്രോഗമുണ്ടാക്കുന്ന ചീത്തകൊഴുപ്പായ ട്രൈഗ്ളിസറൈഡിന്റെ അളവ് കുറയ്ക്കുന്നു. കൂടാതെ രക്തസമ്മര്‍ദ്ദം കുറയ്ക്കുവാനും ഹൃദയരക്ത ധമനികളില്‍ രക്തം കട്ട പിടിക്കാതെ സഹായിച്ചും, ഹൃദയാഘാതമുണ്ടാക്കാതെ സംരക്ഷിക്കുന്നു. ഹൃദയസ്തംഭനം മുലമുണ്ടാകുന്ന ഓര്‍ക്കാപ്പുറത്തെ കുഴഞ്ഞുവീണുള്ള മരണം തടയുവാനുള്ള ഒരത്ഭുതസിദ്ധിയും ഈ കൊഴുപ്പമ്ളത്തിനുണ്ടത്ര.

മീന്‍ കറിവെച്ച് കഴിക്കാം.
കേരളീയരുടെ മീന്‍ വിഭവങ്ങള്‍ കൂടുതലും എണ്ണയില്‍ വറുത്തതും പൊരിച്ചതുമാണ്. വറുക്കാനുപയോഗിക്കുന്ന എണ്ണകള്‍ കൊളസ്ട്രോള്‍ കൂട്ടും. കൂടാതെ വറുത്ത മീനില്‍ നിന്നും ഒമേഗ-3 കൊഴുപ്പമ്ളങ്ങളുടെ പൂര്‍ണ്ണതോതിലുള്ള ഗുണങ്ങള്‍ ലഭിക്കുകയുമില്ല. അതിനാല്‍ മീന്‍ കറിവെച്ച് കഴിക്കുന്നതാണ് ഹൃദയാരോഗ്യത്തിന് നല്ലത്. ചെമ്മീന്‍, ഞണ്ട്, കണവ എന്നീ മീനുകളില്‍ കൊളസ്ട്രോള്‍ കൂടിതലുള്ളതിനാല്‍ ഹൃദ്രോഗിള്‍ക ഇവ ഒഴിവാക്കണം..

മീനുപയോഗിക്കാത്തവര്‍ക്ക് ഗുളികകള്‍
മീനുപയോഗിക്കാത്ത സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ വിഷമിക്കേണ്ട മത്സ്യത്തിനു പകരം ഒമേഗ-3-കൊഴുപ്പമ്ളങ്ങള്‍ അടങ്ങിയ ഗുളികകള്‍ സേവിച്ച് നിങ്ങല്‍ക്കും ഹൃദ്രോഗത്തെ പ്രതിരോധിക്കാം.


അവലംബം: മാതൃഭൂമി

Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)