Picture
മുരിങ്ങയും ചീരയും നിത്യ ഭക്ഷണത്തിന്റെ ഭാഗമായിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. തൊടിയിലും പറമ്പിലും നട്ടുപിടിപ്പിച്ച ചെടികളില്‍ നിന്ന് പറിച്ചെടുത്ത കീടനാശിനിയേതുമില്ലാത്ത ഫ്രഷ് ഇലകള്‍ കറിവെച്ചും ഉപ്പേരിയുണ്ടാക്കിയും നമ്മുടെ പഴയ തലമുറ ഭക്ഷണം പോഷക സമൃദ്ധമാക്കി.

പക്ഷെ ഇന്ന് നമ്മുടെ ഭക്ഷണ ശീലം ഏറെ മാറിപ്പോയി. ചിക്കനും ബര്‍ഗറുമില്ലാത്ത ഭക്ഷണം നമുക്കിന്ന് ഇല്ലെന്ന് തന്നെ പറയാം. ഇലകളും പച്ചക്കറികളും തീന്‍മേശയില്‍ കാണുന്നത് തന്നെ പുതിയ തലമുറക്ക് ഇഷ്ടമല്ല. അവയൊന്നും തന്‍െറ പാത്രത്തില്‍ വീഴാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധ വെക്കും.

എന്നാല്‍ മന:പൂര്‍വം നമ്മുടെ ഭക്ഷണ ശീലങ്ങള്‍ ക്രമീകരിക്കേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു. അവയില്‍ ഉള്‍പ്പെടുത്തേണ്ട വളരെ പ്രധാനപ്പെട്ട ഇനമാണ് ഇലക്കറികള്‍. പ്രത്യേകിച്ചും മുരിങ്ങയില.

വിററാമിനുകളുടെയും ഇരുമ്പിന്റെും ഫോസ്ഫറസിന്റെും കലവറ തന്നെയാണ് മുരിങ്ങയില. വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ഇ എന്നിവ അതില്‍ അടങ്ങിയിരിക്കുന്നു.

പാലില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ രണ്ട് മടങ്ങ് കാല്‍സ്യവും ചീരയിലുള്ളതിനേക്കാള്‍ മൂന്നിരട്ടി ഇരുമ്പും മുരിങ്ങയില്‍ ഉണ്ട്. ഇതോടൊപ്പം ശരിയായ ശോധനക്കും മുരിങ്ങയില ഉപകരിക്കും.

ആയുര്‍വേദത്തില്‍ നിരവധി ഔധങ്ങളില്‍ മുരിങ്ങ ഉപയോഗിക്കുന്നുണ്ട്. ചര്‍മ സംരക്ഷണത്തിനും മുരിങ്ങയില നല്ലതാണ്. ഇല മാത്രമല്ല മുരിങ്ങക്കായയും അതിന്‍െറ വിത്തും പോഷക സമ്പന്നം തന്നെയാണ്.

മുരിങ്ങയില നീര് രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ നല്ലതാണ്. മുരിങ്ങയില സ്ഥിരമായി കഴിക്കുന്നത് കുട്ടികളില്‍ ബുദ്ധി ശക്തി വര്‍ധിക്കുന്നതിന് സഹായിക്കുമെന്നും പഴമക്കാര്‍ പറയുന്നു. പാലിലും കോഴിമുട്ടയിലും അടങ്ങിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രോട്ടീനും മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ട്.

പ്രത്യേകം പരിചണമൊന്നുമില്ലാതെ വളരുന്ന ചെടിയാണ് മുരിങ്ങ. നമ്മുടെ വീട്ടുമുറ്റത്ത് മുരിങ്ങ നട്ടുപിടിപ്പിച്ചാല്‍ വിഷമില്ലാത്ത പുത്തന്‍ ഇലകള്‍ കൊണ്ട് നമുക്ക് ആഹാരം പോഷകസമൃദ്ധമാക്കാം. ഒപ്പം ആരോഗ്യവും സംരക്ഷിക്കാം.


കടപ്പാട്: മാധ്യമം



Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)