Picture
ജിദ്ദ: റമദാന്‍ 27ാം രാവില്‍ ചൊവ്വാഴ്ച മക്ക മസ്ജിദുല്‍ ഹറാമും മുറ്റങ്ങളും നിറഞ്ഞുകവിഞ്ഞു. ലൈലത്തുല്‍ഖദ്റിന്‍െറ പ്രതീക്ഷിതരാവില്‍ പ്രാര്‍ഥനാനിരതമായി കഴിയാനും ഉംറ നിര്‍വഹിക്കാനും രാത്രിയിലെ സുദീര്‍ഘനമസ്കാരത്തില്‍ (ഖിയാമുലൈ്ളല്‍) പങ്കെടുക്കാനും തീര്‍ഥാടക ലക്ഷങ്ങളാണ് ഹറമിലേക്ക് ഒഴുകിയെത്തിയത്. വിദേശ ഉംറ തീര്‍ഥാടകരും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആഭ്യന്തര തീര്‍ഥാടകരും ലൈലത്തുല്‍ ഖദ്റിന്‍െറ പുണ്യം തേടി ഹറമിലും മുറ്റങ്ങളിലും സംഗമിച്ചപ്പോള്‍ അഭൂതപൂര്‍വമായ തിരക്കാണ് ചൊവ്വാഴ്ച അനുഭവപ്പെട്ടത്. ഈദുല്‍ ഫിത്വര്‍ അവധിക്കായി രാജ്യത്തെ ഗവണ്‍മെന്‍റ് ഓഫീസുകള്‍ കഴിഞ്ഞ ദിവസം അടച്ചതോടെ രണ്ട് ദിവസങ്ങളായി മക്കയിലേക്കുള്ള ആഭ്യന്തര തീര്‍ഥാടകരുടെ പ്രവാഹം ശക്തമായിരുന്നു. മക്കക്കടുത്ത പട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും തിങ്കളാഴ്ച രാത്രി മുതല്‍ മക്കയിലേക്ക് ആളുകളുടെ പ്രവാഹം തുടങ്ങിയിരുന്നു.
27ാം രാവിലെ വര്‍ധിച്ച തിരക്ക് കണക്കിലെടുത്ത് 12ഓളം ഗവണ്‍മെന്‍റ് വകുപ്പുകള്‍ക്ക് കീഴില്‍ പ്രത്യേക ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഇഫ്താറിനും സംസം വിതരണത്തിനും പ്രവേശന കവാടങ്ങളിലെ തിരക്കൊഴിവാക്കാനും ശുചീകരണ ജോലികള്‍ക്കും ഹറം കാര്യാലയം പതിവിലും കൂടുതലാളുകളെ നിയോഗിച്ചു. ഗതാഗത കുരുക്കൊഴിവാക്കാന്‍ ഹറമിനടുത്തേക്ക് വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഹറമിലേക്ക് എത്തുന്ന റോഡുകളില്‍ കൂടുതല്‍ ട്രാഫിക് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ചെക്ക്പോസ്റ്റുകള്‍ കഴിഞ്ഞയുടനെ വാഹനങ്ങള്‍ നിശ്ചിത പാര്‍ക്കിങ് കേന്ദ്രങ്ങളിലേക്ക് തിരിച്ചുവിട്ടു. പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നിന്ന് ഹറമിനടുത്തേക്കും തിരിച്ചും ആളുകളെ എത്തിക്കാന്‍ കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. റിങ് റോഡ് സംവിധാനത്തിലുള്ള ബസ് സര്‍വീസ് ഹറമിനടുത്ത് തിരക്ക് കുറക്കാന്‍ സഹായകമായി. മക്കയില്‍ ഒ.ഐ.സി ഉച്ചകോടി നടക്കുന്നതിനാല്‍ ചില റോഡുകളില്‍ ട്രാഫിക് നിയന്ത്രണമേര്‍പ്പെടുത്തിയത് ഹറമിലേക്ക് എത്തുന്ന മറ്റ് റോഡുകളില്‍ തിരക്ക് കൂടാനിടയായി. സുരക്ഷ നിരീക്ഷണത്തിന് കൂടുതല്‍ പൊലീസിനെ ഹറമിനകത്തും പരിസരങ്ങളിലും നിയോഗിച്ചിരുന്നു.


കടപ്പാട്‌ : മാധ്യമം



Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު) Copyright © 2009 Island Express, Agatti Island, Lakshadweep