പട്ടി കുരച്ച രാത്രി
ഇശ ബീവിക്ക് അന്ന് രാത്രി ഉറക്കം വന്നില്ല. മദീനാ ശരീഫില്‍ ഖലീഫ ഉസ്മാന്‍  (റ)നെ വധിച്ച സംഭവം അവരെ വല്ലാതെ പിടിച്ചുലച്ചിരുന്നു. എന്തിനാണത് ചെയ്തത്? ഘാതകരെ ഉടനെ പിടി കൂടാത്തതെന്ത്? ഈ ചോദ്യങ്ങള്‍ അവരെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരുന്നു.

അന്ന് രാത്രി ആഇശ ഉറച്ചൊരു തീരുമാനത്തിലെത്തി; ഇല്ല, ഞാനിനി മദീനയിലേക്ക് പോകുന്നില്ല. നേരെ ഇറാഖിലെ ബസ്വറയിലേക്ക് പോകണം. ഉസ്മാന്‍(റ)ന്റെ ഘാതകരെ ചോദ്യം ചെയ്യണം. അലി(റ) ഇപ്പോള്‍ പുതിയ ഖലീഫയായതു ശരി. താനതംഗീകരിക്കുന്നു. പക്ഷേ, ‘ഖലീഫയുടെ ഘാതകരെ പിടികൂടുന്നതില്‍ അനാസ്ഥയുണ്ടെങ്കില്‍ അതന്വേഷിക്കണം. നബി പത്നിമാരില്‍ ഇഷ്ടമുള്ളവര്‍ തന്റെ കൂടെ വരട്ടെ. അല്ലാത്തവര്‍ നേരെ മദീനയിലേക്ക് പോയ്ക്കൊള്ളും. ബസ്വറയിലെത്തിയാല്‍ തന്റെ ഉദ്ദേശ്യം സാക്ഷാത്കരിക്കുന്നതിന് തന്നെ സഹായിക്കാന്‍ ഇഷ്ടം പോലെ ആളുകളുണ്ടാകും’. ദൃഢപ്രതിജ്ഞയെടുത്ത സമാധാനത്തോടെ ആഇശ(റ) വിരിപ്പില്‍ വന്നു കിടന്നു. ആഇശ(റ)യുടെ തീരുമാനത്തില്‍ സ്വഹാബിമാരായ ത്വല്‍ഹത്ത്, സുബൈര്‍(റ) എന്നിവരും വലിയ ഒരു സംഘം വിശ്വാസികളും അനുകൂലിച്ചു. നബി പത്നിമാരില്‍ മറ്റുള്ളവരെല്ലാം ശക്തിയായി പിന്തിരിപ്പിച്ചു. പക്ഷേ, ആഇശ(റ)യുടെ തീരുമാനം ഉറച്ചതായിരുന്നു. “ഉസ്മാന്‍  (റ) നിരപരാധിയാണ്. അദ്ദേഹത്തെ കുടിവെള്ളം പോലും കൊടുക്കാതെ ക്രൂരമായി വധിച്ചത് ഒരിക്കലും അംഗീകരിക്കാവതല്ല. അതിന് പ്രതികാരം വീട്ടിയേ പറ്റൂ. ബസ്വറ, കൂഫ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് സംഘടിച്ചു വന്ന പ്രക്ഷോഭകാരികളാണ് വധത്തി ന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അതിനാല്‍ അവരെ പിടികൂടുക തന്നെ വേണം’.

മണല്‍പരപ്പിലൂടെ സംഘം നടന്നു നീങ്ങി. മുവ്വായിരത്തോളം ആളുകളുണ്ട്. ആഇശ(റ)തന്നെയാണ് നേതാവ്. ഒട്ടകപുറത്ത് കൂടാരം. കൂടാരത്തിനുള്ളില്‍ ആകെ മൂടിപ്പുതച്ച വേഷത്തില്‍ ബീവി ഇരിക്കുന്നു. മദീനയിലേക്ക് വഴി പിരിയുന്ന ദാത്തു ഇര്‍ഖിലെത്തിയപ്പോള്‍ നബി പത്നിമാര്‍ ആഇശാബീവിയെ ആലിംഗനം ചെയ്തു. കണ്ണീരില്‍ നനഞ്ഞ കവിളുകളില്‍ അവര്‍ ഉമ്മ വെച്ചു. കരം കവര്‍ന്ന് പൊട്ടിപ്പൊട്ടിക്കരഞ്ഞു. സങ്കടം അണപൊട്ടിയ ആ ദിവസം ചരിത്രത്തില്‍ ആര്‍ത്തനാദത്തിന്റെ ദിനം, യൌമുന്നഹീബ് എന്ന പേരിലറിയപ്പെട്ടു. വിരഹദുഃഖം ഘനീഭവിച്ചു നിന്ന അന്തരീക്ഷത്തില്‍ അവര്‍ യാത്ര പറഞ്ഞ് പിരിഞ്ഞു. ആഇശ(റ) ഇറാഖിലേക്കും മറ്റു പത്നിമാര്‍ മദീനാശരീഫിലേക്കും.

രാത്രി ഏറെ ഇരുട്ടിയിരുന്നു. മലനിരകളില്‍ അങ്ങിങ്ങായി അരണ്ട വെളിച്ചം; ഏതൊക്കെയോ കുടിലുകളില്‍ നിന്ന്. ഒരു പാറപ്പുറത്ത് ആഇശ(റ) ബീവിയും സംഘവും വിശ്രമിച്ചു. എവിടെ നിന്നോ പട്ടികള്‍ കുരയ്ക്കുന്നു. ആ പട്ടിയുടെ കുര അടുത്തടുത്തു വരികയാണ്. പെട്ടെന്ന് ആഇശയുടെ ചിന്തമാറി. ഭയത്തോടെ അവര്‍ ചോദിച്ചു: “ഇതേതാണ് സ്ഥലം?”. ‘ഹൌബഅ്’, “ഹൌബഓ” ഞെട്ടലോടെ ആഇശ ആരാഞ്ഞു. അതെ, ആഇശ(റ)യുടെ സര്‍വ്വാംഗം തളര്‍ന്നു. കണ്ഠമിടറിക്കൊണ്ടവര്‍ പറഞ്ഞു: “എന്റെ തീരുമാനം പിഴച്ചിരിക്കുന്നു. ഞാനീ യാത്ര പുറപ്പെടരുതായിരുന്നു. അതിനാല്‍ ഞാനിനി മുന്നോട്ടില്ല, എന്നെ വേഗം തിരിച്ചുവിടൂ.

സംഘം വിഷമവൃത്തത്തിലായി. അവര്‍ ചോദിച്ചു. “ബീവി, നിങ്ങളെന്തിന് മടങ്ങിപ്പോകണം?” അവര്‍ പറഞ്ഞു: “ഹൌബഇല്‍ വെച്ച് പട്ടി കുരക്കുന്ന ഈ സന്ദര്‍ഭം നബി(സ്വ)ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. അത്യധികം ദുഃഖം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ആ അഭിശപ്ത സമയമാണിത്. ഞാന്‍ മുന്നോട്ടുവെച്ച തീരുമാനം പിഴവാണെന്ന് എ നിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ഒരു ദീര്‍ഘ നിശ്വാസത്തോടെ ആഇശാ ബീവി(റ) തുടര്‍ന്നു.

“ഇന്നാലില്ലാഹി വഇന്നാ… ഒരിക്കല്‍ ഞാനും നബി(സ്വ)യും മറ്റു പത്നിമാരും സംഘം ചേര്‍ന്നിരിക്കുമ്പോള്‍ അവിടുന്ന് പറഞ്ഞു: “നിങ്ങളിലൊരാള്‍ ഹൌബഇലെത്തുമ്പോള്‍ പട്ടികള്‍ കുരക്കുന്ന ദുര്‍ദിനം വരുമ്പോഴെന്തായിരിക്കും സ്ഥിതി?”.

ആ ദുര്‍ദിനമിതാ. അതിനിരയായത് ഞാനാണല്ലോ. ഇതെന്റെ ദുര്‍വിധിയായിരിക്കും. അതിനാല്‍ ഞാനിനി മുന്നോട്ട് ഗമിക്കില്ല.

ഉറച്ച സ്വരത്തിലുള്ള ബീവിയുടെ പിന്മാറ്റം കേട്ടപ്പോള്‍ സംഘം പൂര്‍ണമായും തോറ്റതുപോലെ തോന്നി. ഒടുവില്‍ ഈ സ്ഥലം ഹൌബഅല്ലെന്ന വിധത്തില്‍ ചിലര്‍ ബീവിയെ തെറ്റിദ്ധരിപ്പിച്ചു, ഒരു വിധത്തില്‍ യാത്ര തുടര്‍ന്നു.

ആഇശ(റ)യുടെ സംഘം ബസ്വറയിലേക്ക് പുറപ്പെട്ടതും അടുത്തെത്തിയതും വളരെ വൈകിയാണ് അലി(റ)അറിഞ്ഞത്. വിവരമറിഞ്ഞ് അദ്ദേഹം വ്യസനിച്ചു. സത്യവിശ്വാസികളുടെ മാതാവാണ് ആഇശ(റ). അവരുമായി ഒരേറ്റുമുട്ടലില്ലാതെ കാര്യങ്ങള്‍ അവരെ പറഞ്ഞു ധരിപ്പിച്ച് തിരിച്ചയക്കണം. ഉസ്മാന്‍(റ)ന്റെ ഘാതകരെ കണ്ടെത്തി ശിക്ഷിക്കുന്നതിന് മുമ്പ് താന്‍ അധികാരമേറ്റത് അവര്‍ തെറ്റിദ്ധരിച്ചു കാണും. യഥാര്‍ഥത്തില്‍ ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ് താനും ആഇശ(റ)യും. തുല്യദുഃഖിതര്‍. ഉസ്മാന്‍    (റ)ന്റെ വധത്തിനുശേഷം രാജ്യത്ത് ഒരു ഭരണാധികാരി ഇല്ലാതിരിക്കാന്‍ പറ്റുമോ. മദീനയില്‍ തമ്പടിച്ച പ്രമുഖ സ്വഹാബിമാര്‍ കൂടിയാലോചിച്ച് തന്നെ അധികാരിയാക്കി. താനത് അംഗീകരിച്ചു. അല്ലെങ്കിലും അധികാരിയും അധികാരവുമില്ലാത്ത താന്‍ എങ്ങനെയാണ് ഘാതകരെയും പ്രതികളെയും കണ്ടെത്തുക? കണ്ടെത്തിയാല്‍ തന്നെ ശിക്ഷിക്കുക? ശുദ്ധ മനസ്കയായ ആഇശ ഇതൊന്നും അറിഞ്ഞുകാണില്ല. പ്രതികള്‍ ഒന്നോ രണ്ടോ ആളല്ല. നാലായിരം വരുന്ന സംഘമാണ്. അവരെ നീതി പീഠത്തിന് മുമ്പില്‍ കൊണ്ട് വന്ന് വിചാരണ ചെയ്ത് ശിക്ഷ നടപ്പാക്കണമെങ്കില്‍ ആദ്യം രാജ്യത്ത് ഭരണം നിലനില്‍ക്കണം. ഇതല്ലാതെ താന്‍ പ്രതികളെ സഹായിക്കുകയോ അവര്‍ക്ക് രക്ഷപ്പെടാന്‍ പഴുത് വെക്കുകയോ ചെയ്തിട്ടില്ല. വ്യഥ പൂണ്ട മനസ്സുമായി അലി(റ) ഓടിനടന്നു. ശേഷിച്ച സ്വസ്ഥത കൂടി നഷ്ടപ്പെട്ട അദ്ദേഹം കൂഫക്കാരായ ജനങ്ങളോട് വിവരങ്ങളറിയിച്ചു. ആവശ്യമെങ്കില്‍ സഹായത്തിനെത്തണമെന്നും ആവശ്യപ്പെട്ടു. ഇറാഖിന് മേലെ അസ്വസ്ഥതയുടെ കാര്‍മേഘം ഉരുണ്ടുകൂടി. രണ്ടുപക്ഷത്തും മുസ്ലിംകള്‍, സ്വഹാബിമാര്‍; അലി(റ) യുടെ പക്ഷക്കാരായി ഒമ്പതിനായിരത്തോളം പേര്‍ സംഘടിച്ചു. ആഇശ(റ)യുടെ പക്ഷക്കാരായി മുവ്വായിരവും. പുറമെ നിന്ന് ഇരുപക്ഷത്തും ചേര്‍ന്നവര്‍ വേറെയും. ഏട്ടുമുട്ടാന്‍ അവസരം ഉണ്ടാകരുതെന്ന് നിര്‍ബന്ധം അലി(റ)ക്കുണ്ടായി. എങ്ങനെ തുടങ്ങണമെന്നറിയാതെ അദ്ദേഹം മൌനിയായി. ഒടുവില്‍ എന്തോ തീരുമാനിച്ചുറച്ച നി ലക്ക് അദ്ദേഹം അംര്‍റിന്റെ പുത്രന്‍ ഖഅ്ഖാഇനെ വിളിപ്പിച്ചു. ആഇശാ(റ)യുടെ അരികില്‍ ചെന്ന് കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തി സമാധാന ചര്‍ച്ചക്കൊരുങ്ങണമെന്ന് അറിയിക്കാനയച്ചു. അദ്ദേഹം ആഇശായുടെ ചാരത്തേക്ക് പുറപ്പെട്ടു.

***************************************************************

സന്ധ്യ. സബഇയ്യ പാര്‍ട്ടിയുടെ നേതാവ് അബ്ദുല്ല വ്യാകുലമായ മനസ്സുമായി ബസ്വറയിലെ ഒരു വീട്ടുമുറ്റത്ത് വന്നിരുന്നു. ഒറ്റയും തെറ്റയുമായി അവന്റെ അനുയായികളും അവിടെ വന്നുകൊണ്ടിരുന്നു. “അവരെയൊക്കെ ഇങ്ങോട്ട് വിളിക്കൂ” അയാള്‍ ഉത്തരവിട്ടു. ചിലരൊക്കെ നാലുവഴിക്കും പോയി. അല്‍പസമയം കഴിഞ്ഞപ്പോള്‍ ലഹളക്കാരായ ജനങ്ങള്‍ അവിടെ ഒത്തുകൂടി.

“അതീവ വ്യവസനത്തോടെ ഒരു സംഗതി അറിയിക്കാനാണ് ഞാന്‍ നിങ്ങളെ വിളിപ്പിച്ചത്”. അബ്ദുല്ല ആമുഖമായി പറഞ്ഞു. സംഘമിച്ചവര്‍ ജിജ്ഞാസയോടെ കാത് കൂര്‍പ്പിച്ചു. കാര്യമായന്തോ ഇല്ലാതെ നേതാവ് വിളിപ്പിക്കുകയില്ലെന്ന് അവര്‍ക്കറിയാം.

“ഉസ്മാന്‍(റ)ന്റെ വധത്തിനുശേഷം നാം ഒറ്റപ്പെട്ടു കഴിയുകയാണല്ലോ. ഘാതകരെ പിടികൂടുന്നതിന് ആഇശ(റ)യും പാര്‍ട്ടിയും ബസ്വറയിലെത്തിയിട്ടുണ്ട്. അലി(റ)യുടെ പക്ഷക്കാരും എന്തിനും തയ്യാറെടുത്ത് സര്‍വ്വ സന്നദ്ധരായിട്ടുണ്ട്. ഒരു ഏറ്റുമുട്ടലാണ് നമ്മുടെ ആഗ്രഹം. പക്ഷേ, അതില്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. സമാധാന സംഭാഷണത്തിന് ഖഅ്ഖാഇനെ നിയോഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഭാഷണത്തില്‍ നിന്ന് ഉരുത്തിരിഞ്ഞത് സമാധാനം തന്നെയാണ്. ഖഅ്ഖാഅ് അതിനായി ആഇശ(റ), ത്വല്‍ഹത്ത്,സുബൈര്‍(റ) എന്നിവരുമായി കണ്ട് ദീര്‍ഘമായി സംസാരിച്ചിട്ടുണ്ട്. അവരു ടെ മസ്വ്ലഹത്ത് നടക്കുകയെന്നാല്‍ നമ്മെ പിടികൂടി ശിക്ഷിക്കുകയെന്നാണ് അര്‍ഥമാക്കേണ്ടത്. അതിനാല്‍ നാം നമ്മുടെ അഭിമാനം സംരക്ഷിക്കണം.” നേതാവിന്റെ വിശദീകരണം ശ്രദ്ധയോടെ കേട്ട ലഹളക്കാര്‍ അസ്വസ്ഥരായി കാണപ്പെട്ടു.

“ഒരു വിചാരണയെ ചെറുക്കാന്‍ എന്താണ് വഴി?” അവര്‍ അസ്വസ്ഥരായി അന്യോന്യം ആരാഞ്ഞു. “നിങ്ങളാരും പൊതുജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് കഴിയരുത്. കൂഫക്കാരായ ജനങ്ങളില്‍ നിങ്ങള്‍ നുഴഞ്ഞുകയറണം. സജീവ സാന്നിധ്യം ഉറപ്പുവരുത്തണം. മസ്വ്ലഹത്ത് തീരുമാനങ്ങളുടെ അവസാന തീര്‍പ്പ് ഇരുപക്ഷത്തിന്റെയും ഏറ്റുമുട്ടല്‍ ഇല്ലാതാക്കലാണെങ്കില്‍ ഏതെങ്കിലും ഒരു പക്ഷത്ത് അക്രമത്തിന് നിങ്ങള്‍ തിരി കൊളുത്തണം. നിങ്ങളെ തിരിച്ചറിയാന്‍ കഴിയാത്ത വിധമാകണം അക്രമം നടത്തേണ്ടത്. കലാപം നാം തുടങ്ങിക്കൊടുത്താല്‍ മതിയാകും. ബാക്കി പരസ്പരം അവര്‍ പഴിചാരി യുദ്ധത്തിലേക്കെത്തിയേക്കും. അബ്ദുല്ലയുടെ കുതന്ത്രം അവര്‍ക്ക് നന്നായി ബോധിച്ചു. തീരുമാനം അതീവ രഹസ്യമാക്കി വെക്കാന്‍ പരസ്പരം ധാരണയായി.

***************************

മസ്വ്ലഹത്ത് ചര്‍ച്ച കഴിഞ്ഞ് ഖഅ്ഖാഅ് പുഞ്ചിരിയോടെയാണ് തിരിച്ചുവന്നത്. അലി(റ)അദ്ദേഹത്തെ കരം കവര്‍ന്ന് സ്വീകരിച്ചു. സമാധാനത്തിന്റെ വെള്ള കീറ് ആകാശത്തില്‍ പ്രകടമായി.

“ഞാന്‍ അവരുമായി ദീര്‍ഘനേരം സംസാരിച്ചു. ആമുഖങ്ങളില്ലാതെ ഖഅ്ബാഅ് സം സാരം തുടങ്ങി. “ആഇശാ(റ), ത്വല്‍ഹത്ത്(റ), സുബൈര്‍ (റ) ഇവര്‍ മൂവരുമായി സംസാരിച്ചു. തല്‍ക്കാലം ഒരേറ്റുമുട്ടലില്ലാതെ സമാധാനത്തില്‍ പിരിഞ്ഞുപോകാന്‍ തീരുമാനമായിട്ടുണ്ട്. അതിനാല്‍ ഇരുപക്ഷത്തെയും കുറച്ചാളുകള്‍ പങ്കെടുത്ത് മസ്വ്ലഹത്ത് തീരുമാനങ്ങള്‍ തയ്യാറാക്കണം. അലി(റ)യുടെ മുഖം സന്തോഷം കൊണ്ട് പ്രസന്നമായി. അദ്ദേഹത്തിന്റെ ചുണ്ടുകളില്‍ പുഞ്ചിരി വിടര്‍ന്നു. ജനങ്ങളിലേക്ക് തിരിഞ്ഞ് കൈവീശി അലി (റ) പ്രഖ്യാപിച്ചു. “മാന്യരെ, ഞാന്‍ നാളെ ആഇശ(റ)യുടെ സമീപത്തേക്ക് മസ്വ്ലഹത്തിന് പോകുകയാണ്. ഉസ്മാന്റെ(റ) വധത്തില്‍ പങ്കുള്ള ഒരാള്‍ പോലും എന്റെ കൂടെ വരരുത്. അല്ലാത്തവര്‍ക്കെല്ലാം എന്റെ കൂടെ വരാം. ആ സന്തോഷത്തില്‍ പങ്ക് ചേരാം.

നേരം വെളുത്ത് വെയിലിനു ചൂട് കൂടുന്നതേയുള്ളൂ. ബസ്വറ പട്ടണത്തിന് പുറത്ത് സാ ബൂഖ എന്ന സ്ഥലത്ത് ഇരുപക്ഷത്തെയും ജനങ്ങള്‍ സന്ധിച്ചു. വിവിധ സംഭാഷണങ്ങള്‍ നടന്ന് സമാധാനത്തിന്റെ എല്ലാ തീരുമാനങ്ങളും പൂര്‍ത്തിയായി. പരസ്പരം അങ്ങുമിങ്ങും സംശയിക്കാത്ത വിധം സഹകരണ കരാറുകള്‍ ഉണ്ടാക്കി. രാത്രി ഇരുട്ടിയപ്പോള്‍ ഇരു പക്ഷവും വിശ്രമ സ്ഥലങ്ങളിലേക്ക് മാറി.

പാതിരാത്രിയില്‍ സര്‍വ്വരും കൂര്‍ക്കം വലിച്ചുറങ്ങുന്നതിനിടയില്‍ ലഹളക്കാരായ ദുഷ്ട മനസ്കര്‍ മെല്ലെ എഴുന്നേറ്റു. ചുറ്റുപാടും കണ്ണോടിച്ചു. എല്ലാവരും ഗാഢനിദ്രയിലാണെന്ന് ഉറപ്പ് വരുത്തി. നേരത്തെ തീരുമാനിച്ചുറച്ച പദ്ധതി നടപ്പിലാക്കുന്നതിന് അവര്‍ ആയുധം മൂര്‍ച്ച കൂട്ടി. ബസ്വറക്കാരുടെ ഭാഗത്തുള്ള ആഇശ(റ)യുടെ പക്ഷത്ത് നുഴഞ്ഞുകയറി കൊള്ളയും കൊലയും നടത്തി ഇരുട്ടില്‍ ഓടി മറഞ്ഞു.

ഒരുഭാഗത്ത് സമാധാന സംഭാഷണം നടത്തി മറുഭാഗത്ത് അണികളെ കയറൂരിവിട്ടു കൊല നടത്തിക്കുകയാണെന്ന് അലി(റ)പക്ഷത്തെപ്പറ്റി ആരോപണവുമായി ആഇശ(റ)പക്ഷം അവര്‍ക്കുനേരെ ചാടിവീണു. പരന്ന യുദ്ധം. കത്തിപ്പടര്‍ന്ന തെറ്റിദ്ധാരണ. രക്ത രക്ഷസ്സുകളുടെ കൈകൊട്ടിച്ചിരി. ജമലില്‍ ഒരു കൊടുംങ്കാറ്റ് കെട്ടഴിഞ്ഞുവീശി. ഇരുപക്ഷത്തുനിന്നുമായി പതിനായിരം മനുഷ്യര്‍ കൊല്ലപ്പെട്ടു. ശവംതീനി പക്ഷികള്‍ വട്ടമിട്ടു പറന്നു. രക്ത രക്ഷസ്സായി നിന്നത് അബ്ദുല്ലയെന്ന ഒരു ദുര്‍മോഹിയും അവന്റെ ദുഷ്പ്രചാരണങ്ങള്‍ കേട്ട് അനുയായികളായി കൂടിയ കുറച്ചാളുകളുമായിരുന്നു.

വെട്ടുംകൂത്തും മുറിവുകളുമേറ്റ് പരിഭ്രാന്തരായി ജനങ്ങള്‍ അങ്ങുമിങ്ങും ഓടി നടക്കുന്നതിനിടയില്‍ ആഇശ(റ)ഇരിക്കുന്ന കൂടാരം ഒട്ടകപ്പുറത്ത് നിന്ന് പെട്ടെന്ന് മറിഞ്ഞുവീണു. അതെങ്ങിനെ സംഭവിച്ചു? എന്നിട്ടെന്തുണ്ടായി?

‘രോഷം കൊണ്ട ഉമ്മ’ എന്ന കഥ വായിക്കുക.

 


Comments


Your comment will be posted after it is approved.


Leave a Reply


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު) Copyright © 2009 Island Express, Agatti Island, Lakshadweep